ബലൂചിസ്ഥാനിൽ തീവ്രവാദികൾ ഐഡി കാർഡ് പരിശോധിച്ച് 9 പഞ്ചാബികളെ വെടിവച്ചു കൊന്നു

 
World

ബലൂചിസ്ഥാനിൽ തീവ്രവാദികൾ ഐഡി കാർഡ് പരിശോധിച്ച് 9 പഞ്ചാബികളെ വെടിവച്ചു കൊന്നു

ബലൂച് തീവ്രവാദികൾ നടത്തിയ ആക്രമണമെന്ന് സംശയം

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആയുധധാരികളായ സംഘം 9 ബസ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ക്വറ്റയിൽ നിന്ന് പഞ്ചാബ് പ്രവിശ്യയിലെ സോബ്- ലോറാലായ് ജില്ലകളിലേക്ക് പോകുന്ന ബസിനു നേരെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്.

ആയുധങ്ങളുമായി എത്തിയ അക്രമികൾ യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു. ഇതിനു ശേഷം കൂട്ടത്തിൽ നിന്നും 9 യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി ഇവരെ അടുത്തുള്ള പർവതപ്രദേശത്തേക്ക് കൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നു.

പഞ്ചാബികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പഞ്ചാബിലെ ദേരാ ഗാസി ഖാൻ ജില്ലയിലെ അഡ്മിനിസ്ട്രേറ്റർ അഷ്ഫാഖ് ചൗധരി പറഞ്ഞു. വെടുയുണ്ടകളേറ്റ മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.

അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇത്തരം സംഭവങ്ങൾ മുന്‍പും നടന്നിട്ടുള്ളതിനാൽ പഞ്ചാബ് മേഖലയിലെ ആളുകൾക്കെതിരായി ബലൂച് തീവ്രവാദികൾ നടത്തിയ ആക്രമണമെന്നാണ് സംശയിക്കുന്നത്.

മേഖലയിലെ ഏറ്റവും സജീവമായ വിമത ഗ്രൂപ്പുകളിൽ ഒന്നായ ബലൂച് ലിബറേഷൻ ആർമി (BLA), അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ധാതു സമ്പന്നമായ പ്രവിശ്യയിൽ വളരെക്കാലമായി പ്രവർത്തിച്ചുവരുന്നു. പഞ്ചാബ് പ്രവിശ്യയ്ക്ക് നേട്ടമുണ്ടാക്കുന്നതിനായി പാക്കിസ്ഥാൻ അധികാരികൾ ബലൂചിസ്ഥാന്‍റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നു എന്നാണ് ഇക്കൂട്ടർ ആരോപിക്കുന്നത്.

ഗുജറാത്ത് വിമാന ദുരന്തം: എൻജിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നുവെന്ന് റിപ്പോർട്ട്

തെരുവുനായകൾക്ക് 'ഇറച്ചിയും ചോറും'; പുതിയ പദ്ധതിയുമായി ബംഗളൂരു കോർപ്പറേഷൻ

അമിത് ഷാ തിരുവനന്തപുരത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യും

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും; 8 ജില്ലകളില്‍ അലര്‍ട്ട്

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു|Video