യുഎസിനെതിരേ പ്രതികാര പ്രഖ്യാപനവുമായി ഇറാൻ
ടെഹ്‌റാന്‍: താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു ശേഷം, ഇറാനു നേരെ തുടര്‍ച്ചയായ ഏഴാം ദിനവും ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ഇറാന്‍റെ നിരീക്ഷണ കേന്ദ്രങ്ങള്‍, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍, നാവിക കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരേയാണ് തങ്ങളുടെ സേന ആക്രമണം നടത്തിയതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്‍റ്കോം) അറിയിച്ചു. മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് തങ്ങള്‍ തിരിച്ചടിച്ചതായി ഇറാന്‍ അറിയിച്ചു; കുവൈത്തിലെ ഒരു വൈദ്യുത നിലയത്തിലും എണ്ണ കേന്ദ്രത്തിലും ആക്രമണം നടന്നതായി കുവൈത്തും വ്യക്തമാക്കി.
ജൂണ്‍ 17ന് ഇറാനും യുഎസും യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള താത്കാലിക കരാറില്‍ ഒപ്പുവച്ചിരുന്നു. പിന്നീട് 60 ദിവസം ചര്‍ച്ചകള്‍ നടത്തി അന്തിമ സമാധാന കരാറില്‍ ഒപ്പുവയ്ക്കാനും ധാരണയായിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്‍റെ നിയന്ത്രണത്തെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ യുദ്ധം പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ട്രംപ് വെടിനിര്‍ത്തല്‍ അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം, ഇറാന്‍റെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനൊപ്പം ഇറാനിയന്‍ തുറമുഖങ്ങളില്‍ അമെരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുഎസിനെതിരേ പ്രതികാരം ചെയ്യുമെന്ന് വീണ്ടും പ്രഖ്യാപനം നടത്തി ഇറാന്‍
ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാന്‍റെ നഗരമധ്യത്തില്‍ അമെരിക്കയ്‌ക്കെതിരേ പ്രതികാരം ചെയ്യുമെന്ന് വീണ്ടും പ്രഖ്യാപിച്ച് ഒരു പുതിയ ബാനര്‍ പ്രത്യക്ഷപ്പെട്ടു. അമെരിക്കന്‍ പതാക പുതപ്പിച്ച ശവപ്പെട്ടികള്‍ക്ക് മുകളിലായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങളാണ് ബാനറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കത്തിനശിക്കുന്ന വൈറ്റ് ഹൗസ് പശ്ചാത്തലമാക്കി തയാറാക്കിയ ബാനറില്‍, യുഎസ് പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്‍റെ അഞ്ച് മക്കളായ ഇവാന്‍ക, ഡോണ്‍ ജൂനിയര്‍, എറിക്, ടിഫാനി, ബാരണ്‍ ട്രംപ് എന്നിവരുടെയും പ്രഥമ വനിത മെലാനിയ ട്രംപിന്‍റെയും ചിത്രങ്ങളാണുള്ളത്. പേര്‍ഷ്യന്‍ ഭാഷയില്‍ 'രക്തത്തിന് പകരം രക്തം' എന്ന മുദ്രാവാക്യം ബാനറില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഒരു പരസ്യബോര്‍ഡിലൂടെ യുഎസ് പ്രസിഡന്‍റിനെതിരേ ഇറാന്‍ ഭീഷണി മുഴക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ, മധ്യ ടെഹ്റാനിലെ എന്‍ഗെലാബ് സ്‌ക്വയറില്‍ യുഎസ് പ്രസിഡന്‍റ് ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നതായി ചിത്രീകരിക്കുന്ന ബില്‍ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
രാഷ്‌ട്രീയ ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായി ഇറാന്‍ വളരെക്കാലമായി പൊതുസ്ഥലങ്ങളെ ഉപയോഗിച്ചു വരുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇസ്രായേല്‍ സേനകള്‍ക്കെതിരായ യുദ്ധം ആരംഭിച്ചതുമുതല്‍, ടെഹ്റാനിലെ ഏറ്റവും തിരക്കേറിയതും ശ്രദ്ധേയവുമായ ഭാഗങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകളും പ്രത്യയശാസ്ത്രപരമായ സന്ദേശങ്ങളും സ്ഥാപിച്ചിരിക്കുകയാണ്.