ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: യുഎസ്
file photo
വാഷിങ്ടൺ: ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു എന്ന ആരോപണവുമായി യുഎസ്. കൂടാതെ ആയുധ ശേഖരം വർധിപ്പിക്കുന്നതായും ഈ സാഹചര്യത്തിൽ ചൈനയെ കൂടി ഉൾപ്പെടുത്തി ത്രികക്ഷി കരാർ വേണമെന്നും ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അമെരിക്ക.
റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് അമെരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. എന്നാൽ നിരായുധീകരണ ചർച്ചകളിൽ പങ്കു ചേരാൻ പദ്ധതിയിടുന്നില്ലെന്ന് ചൈന വ്യക്തമാക്കി. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മറ്റ് ആണവായുധ രാജ്യങ്ങളെയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് റഷ്യ നിർദേശിച്ചു.
ആണവായുധ നിയന്ത്രണം എന്നത് ഇനി അമെരിക്കയും റഷ്യയും തമ്മിൽ മാത്രമുള്ള ഉഭയകക്ഷി വിഷയം മാത്രമായി തുടരാനാകില് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. സ്ഥിരത ഉറപ്പാക്കാൻ മറ്റു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജൂണിൽ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായും ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും അമെരിക്കൻ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. അമെരിക്കയുടെ ആരോപണങ്ങളെ ചൈനീസ് അംബാസിഡർ ഷെൻ ജിയാൻ ശക്തമായി എതിർത്തു. അമെരിക്ക ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.