ചികിത്സാ പിഴവ്: യുഎഇ ആശുപത്രിയും ഡോക്റ്ററും 75,000 ദിർഹം നഷ്ടപരിഹാരം നൽകണം
അബുദാബി: മകന്‍റെ ചികിത്സയിൽ പിഴവ് വരുത്തിയെന്ന് ആരോപിച്ച് അമ്മ നൽകിയ പരാതിയിൽ ആശുപത്രിയും ഡോക്റ്ററും 75,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. നിയമപരമായ ചെലവുകളും അഭിഭാഷക ഫീസും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വിട്ടുമാറാത്ത വേദന മൂലമാണ് അമ്മ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്റ്റർ കൃത്യമായ പരിശോധനകൾ നടത്തുകയോ, സ്‌കാനിങ്ങിന് വിധേയനാക്കുകയോ, ഉചിതമായ ആൻറിബയോട്ടിക് നിർദ്ദേശിക്കുകയോ ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു.
കടുത്ത അശ്രദ്ധയും പ്രൊഫഷണൽ ദുഷ്‌പെരുമാറ്റവും മൂലം മകന് ശാരീരികവും വൈകാരികവുമായ ദോഷമുണ്ടായി. ഈ സാഹചര്യത്തിലാണ് 350,000 ദിർഹം നഷ്ടപരിഹാരവും 12% നിയമപരമായ പലിശയും മറ്റ് ചെലവുകളും നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ കേസ് ഫയൽ ചെയ്തത്.