ഓപ്പൺ എഐയ്ക്കെതിരേ ഗുരുതര ആരോപണവുമായി ന്യൂയോർക്ക് ടൈംസ്
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ദശലക്ഷക്കണക്കിനു വാർത്താ ലേഖനങ്ങൾ ഉപയോഗിച്ചത് അസാധാരണമായ മോഷണം ആണെന്ന് മൈക്രോസോഫ്റ്റിനും ഓപ്പൺ എഐയ്ക്കും അറിയാമായിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് ആരോപിച്ചു. വ്യാഴാഴ്ച പുറത്തു വിട്ട കോടതി രേഖയിലാണ് ആരോപണം.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഓപ്പൺ എഐ പത്തു ദശലക്ഷത്തിലധികം വാർത്താ ലേഖനങ്ങളിൽ നിന്നുള്ള ഉള്ളടക്കം ശേഖരിച്ചതായും ഇതിൽ ഏകദേശം മൂന്നിലൊന്ന് ന്യൂയോർക്ക് ടൈംസിൽ നിന്നുള്ളതാണെന്നും രേഖയിൽ പറയുന്നു. മൈക്രോസോഫ്റ്റിന്‍റെ അപ്ലൈഡ് സയൻസ് ഡയറക്റ്റർ ബ്രെന്‍റ് ഹെക്റ്റ് ഈ നടപടിയെ മുൻകാലങ്ങളിൽ ഒന്നും കണ്ടിട്ടില്ലാത്ത അമ്പരപ്പിക്കുന്ന തോതിലുള്ള മോഷണം എന്നാണ് വിശേഷിപ്പിച്ചതെന്ന് രേഖയില്‍ പറയുന്നു.
അമ്പരപ്പിക്കുന്ന തോതിലുള്ള മോഷണം: മൈക്രോസോഫ്റ്റിന്‍റെ അപ്ലൈഡ് സയൻസ് ഡയറക്റ്റർ ബ്രെന്‍റ് ഹെക്റ്റ്
എന്നാല്‍ ഹെക്റ്റിന്‍റെ പരാമര്‍ശങ്ങള്‍ ഒരു ജീവനക്കാരന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കമ്പനിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസ് മൂന്ന് വര്‍ഷം മുമ്പാണ് ഓപ്പണ്‍എഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി പകര്‍പ്പവകാശമുള്ള വാര്‍ത്താ ഉള്ളടക്കം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് ആരോപണം.
സിഫ് ഡേവിസ്, ദി ഇന്റര്‍സെപ്റ്റ്, മദര്‍ ജോണ്‍സ് മാസികയുടെ മാതൃസ്ഥാപനം, വിവിധ പ്രാദേശിക പത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വാര്‍ത്താ പ്രസാധകരും കേസില്‍ ചേര്‍ന്നിട്ടുണ്ട്. ഓരോ ലേഖനത്തിനും നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.അതേസമയം, വാർത്താ ഉള്ളടക്കം ഉപയോഗിച്ചുള്ള തങ്ങളുടെ നടപടി പുതിയ രീതിയിലുള്ള ഉപയോഗമാണെന്നും അമെരിക്കയിലെ ഫെയർ യൂസ് നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും മൈക്രോസോഫ്റ്റും ഓപ്പണ്‍എഐയും വാദിക്കുന്നു. 2022 അവസാനത്തില്‍ ചാറ്റ്ജിപിടി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വാര്‍ത്താ പ്രസാധകരുമായി ഓപ്പണ്‍എഐ ഉള്ളടക്ക ലൈസന്‍സിങ് കരാറുകളില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.