സുസുമു കിറ്റഗാവയും റിച്ചാർഡ് റോബ്‌സണും ഒമർ എം. യാഗിയും
സ്റ്റോക്ക്ഹോം: മെറ്റൽ ഓർഗാനിക്ക് ഫ്രെയിം വർക്കുകൾ വികസിപ്പിച്ച മൂന്നു ശാസ്ത്രജ്ഞർക്ക് 2025ലെ രസതന്ത്ര നൊബേൽ. ജപ്പാനിലെ ക്യോട്ടോ സർവകലാശാലാ പ്രൊഫസർ സുസുമു കിറ്റഗാവ, ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലാ പ്രൊഫസർ റിച്ചാർഡ് റോബ്‌സൺ, യുഎസ് കാലിഫോർണിയ സർവകലാശാലാ പ്രൊഫസർ ഒമർ എം. യാഗി എന്നിവർക്കാണു പുരസ്കാരം. മരുഭൂമിയിലെ വായുവിൽ നിന്നു വെള്ളം ശേഖരിക്കുന്നതിലേക്ക് നയിക്കുന്നതടക്കം നേട്ടങ്ങൾക്കു വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടുപിടിത്തം. കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുന്നതിനും വിഷവാതകങ്ങൾ സംഭരിക്കുന്നതിനും രാസപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇവരുടെ ഗവേഷണം സഹായിക്കും.
പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് ഇവർക്കു പുരസ്കാരം. ലോഹ അയോണുകൾ ദീർഘമായ ജൈവ (കാർബൺ അധിഷ്‌ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്രാ ഘടന ഉണ്ടാക്കിയത്. ലോഹ അയോണുകളും തന്മാത്രകളും ഒരുമിച്ച് ക്രമീകരിച്ചപ്പോൾ ഇടയിൽ സുഷിരങ്ങളുള്ള ക്രിസ്റ്റൽ രൂപപ്പെട്ടു. ഈ സുഷിരങ്ങളുള്ള വസ്‌തുക്കളെയാണ് ലോഹ-ജൈവ ചട്ടക്കൂടുകൾ അഥവാ മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകൾ എന്ന് വിളിക്കുന്നത്.
സമ്മാനമായ 11 ലക്ഷം സ്വീഡിഷ് ക്രോണർ വിജയികൾ പങ്കുവയ്ക്കും.