ഖാർഗ് ദ്വീപിനെ ശക്തിപ്പെടുത്തി ഇറാൻ

 

file photo

World

യുഎസ് കരസേനാ ആക്രമണ ആശങ്കകൾക്കിടയിൽ ഖാർഗ് ദ്വീപിനെ ശക്തിപ്പെടുത്തി ഇറാൻ

ട്രംപ് ഖാർഗിൽ കണ്ണു വച്ചത് 1980കളിൽ!

Reena Varghese

ആസന്നമായ യുഎസ് കരസേനാക്രമണം പ്രതീക്ഷിച്ച് ഇറാൻ ഖാർഗ് ദ്വീപിൽ സൈനിക പ്രതിരോധം വർധിപ്പിക്കുന്നതായി യുഎസ് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ദ്വീപിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമെരിക്കൻ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾക്കിടെ ടെഹ്റാൻ ശത്രുക്കൾക്കെതിരെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുകയും സൈനികരെ മാറ്റുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാനെ നിർബന്ധിക്കുന്നതിന് ആവശ്യമായ സ്വാധീനം നേടുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഖാർഗ് ദ്വീപ് കീഴടക്കിയേക്കും എന്ന ഒരു സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ട്രംപ് ഇങ്ങനൊരു നീക്കം നടത്തിയാൽ യുഎസിന് കാര്യമായ നാശനഷ്ടങ്ങളുണ്ടാകുമെന്ന് യുഎസ് ഉദ്യോഗസ്ഥരും സൈനിക വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഖാർഗ് ദ്വീപ് പാളികളുള്ള പ്രതിരോധങ്ങളാൽ ശക്തമായി ഉറപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇറാൻ അടുത്തിടെ മാൻപാഡ്സ് എന്നറിയപ്പെടുന്ന കൂടുതൽ തോളിൽ നിന്ന് പ്രവർത്തിക്കുന്ന, ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് നയിക്കപ്പെടുന്ന മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് അതിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കൾ സിഎൻഎന്നിനോടു പറഞ്ഞു.

ഒരു വശത്ത് വെടിനിർത്തൽ ചർച്ചകൾ നടക്കുമ്പോഴും അതിന്‍റെ പുരോഗതി തെല്ലും കണക്കിലെടുക്കാതെയാണ് യുഎസ് 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള 1,000 പാരാട്രൂപ്പർമാരെയും 5,000 മറൈൻമാരെയും ഗൾഫിലേക്ക് വിന്യസിച്ചിട്ടുള്ളത്.ഖാർഗ് ദ്വീപിനെതിരായ ആക്രമണത്തിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുള്ള ഒരു ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയിലാണ് മറൈൻമാർ സഞ്ചരിക്കുന്നതെന്ന് എൻബിസി റിപ്പോർട്ട് പറയുന്നു.

ഇതു മുൻ കൂട്ടിക്കണ്ട് ഉള്ള നീക്കങ്ങളാണ് ഇറാൻ നടത്തുന്നതെന്ന് ഇറാനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ബുധനാഴ്ച മുന്നറിയിപ്പു നൽകിക്കൊണ്ട് എക്സിൽ ഇങ്ങനെ കുറിച്ചു:

"ചില ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഇറാന്‍റെ ശത്രുക്കൾ പ്രാദേശിക സംസ്ഥാനങ്ങളിലൊന്നിന്‍റെ പിന്തുണയോടെ ഇറാനിയൻ ദ്വീപുകളിൽ ഒന്ന് കൈവശപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. നമ്മുടെ സൈന്യം എല്ലാ ശത്രുക്കളുടെയും നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, അവർ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ, ആ പ്രാദേശിക രാജ്യത്തിന്‍റെ എല്ലാ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും നിരന്തരമായ, തുടർച്ചയായ ആക്രമണങ്ങളാൽ ലക്ഷ്യം വയ്ക്കപ്പെടും" ഇസ്രയേലിനെയും യുഎസിനെയും പരോക്ഷമായി പരാമർശിച്ചു കൊണ്ടായിരുന്നു ഈ കുറിപ്പ്.

ട്രംപ് ഖാർഗിൽ കണ്ണു വച്ചത് 1980കളിൽ

താനെന്നെങ്കിലും യുഎസ് പ്രസിഡന്‍റായാൽ ഇറാനോട് പരുഷമായി പെരുമാറുമെന്നും അവർ തങ്ങളെ നിരന്തരം വിഡ്ഢികളാക്കുകയാണെന്നും തങ്ങളുടെ ആളുകളിൽ ഒരാളെയെങ്കിലും പരിക്കേൽപിച്ചാൽ അതിനു പ്രതികാരമായി താൻ ഖാർഗ് ദ്വീപ് എടുക്കുമെന്നും ട്രംപ് പരസ്യമായി വാദിച്ചിരുന്നു. ഇറാൻ-ഇറാഖ് യുദ്ധകാലത്തായിരുന്നു ഇത്. നാളിതുവരെ ആ വാദത്തിൽ ഉറച്ചു നിന്ന യുഎസ് പ്രസിഡന്‍റ് ഇപ്പോൾ അതു പ്രാവർത്തികമാക്കാനുള്ള പടപ്പുറപ്പാടിലാണ്.

അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം; പക്ഷേ, ആർസിബി തന്നെ ഒന്നാമത്

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ