കാനഡയിലെ അലേർട്ടിൽ സൂര്യനസ്തമിച്ചു, ഇനി 136 ദിവസം കഴിഞ്ഞ് സൂര്യോദയം!
കാനഡയിലെ അലേർട്ടിൽ പതിവു പോലെ സൂര്യനസ്തമിച്ചു. പക്ഷേ ഇനി സൂര്യോദയം കാണാൻ 136 ദിവസം, എതാണ്ട് 6 മാസം കാത്തിരിക്കണമെന്നു മാത്രം. ഉത്തരധ്രുവത്തിൽ നിന്ന് 817 കിലോമീറ്റർ മാറിയാണ് നിരവധി പേർ താമസിക്കുന്ന അലേർട്ട്. ഭൂമിയിൽ തന്നെ ഏറ്റവും കടുത്ത തണുപ്പ് അനുഭവപ്പെടുന്ന മേഖലയായതിനാൽ അലേർട് ഗവേഷകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടത്തെ ഏറ്റവും കൗതുകകരമായ കാര്യമാണ് മാസങ്ങളോളം നീളുന്ന രാത്രി. ഇക്കാലം മുഴുവൻ കൃത്രിമ വെളിച്ചത്തിന്‍റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോകുക. സാധാരമയായി ഒക്റ്റോബർ പകുതിയോടെയാണ് ഈ പ്രതിഭാസം ആരംഭിക്കാറുള്ളത്. ഇത്തവണ ഒക്റ്റോബർ 13ന് സൂര്യൻ അസ്തമിച്ചു.ഇനി ഫെബ്രുവരി 7നായിരിക്കും സൂര്യോദയം. ഇക്കാലയളവിൽ പ്രദേശത്ത് കടുത്ത തണുപ്പായിരിക്കും. മിക്കവാറും മൈനസ് 40 ഡിഗ്രീ സെൽഷ്യസ് വരെ താപനില കുറയും. ഇക്കാലത്ത് ഇവിടത്തെ ജനങ്ങൾ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടാറുണ്ടെന്ന് ഗവേഷകർ പറയുന്നു.
ആർക്‌ടിക് , അന്‍റാർട്ടിക് മേഖലയിൽ നിരവധി ഇടങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. സ്വാൽബാർഡ്, ജാൻ മയേൻ, ട്രോംസോ, എന്നിവയെല്ലാം സൂര്യനു വേണ്ടി ദീർഘകാലം കാത്തിരിക്കുന്നവരാണ്.
ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിലുണ്ടാകുന്ന ചെരിവാണ് ഈ പ്രതിഭാസത്തിന് കാരണം. മഞ്ഞുകാലത്ത് സൂര്യൻ ധ്രുവപ്രദേശങ്ങളിലെ ചക്രവാളത്തിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലമാണ് സൂര്യരശ്മികൾ ഈ പ്രദേശങ്ങളിലേക്ക് പതിക്കാത്തത്. വേനൽക്കാലത്ത് ഈ പ്രദേശങ്ങളിലേക്ക് തുടർച്ചയായി സൂര്യരശ്മികൾ എത്താറുമുണ്ട്.