കൂടുതൽ പലസ്തീനികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്ക
file photo
ജോഹന്നാസ്ബർഗ്: തങ്ങൾക്ക് കൂടുതൽ പലസ്തീനികളെ സ്വീകരിക്കാനാവില്ലെന്നു വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയിൽ നിന്നു വ്യക്തമായ യാത്രാരേഖകൾ ഇല്ലാതെ നിരവധി പലസ്തീനികൾ ദക്ഷിണാഫ്രിക്കയിൽ എത്തിയതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ ഈ പ്രതികരണം. ജോഹന്നാസ്ബർഗിലെ താംപോ വിമാനത്താവളത്തിൽ രേഖകൾ ഇല്ലാതെ 153 പലസ്തീനികൾ ഫ്രഞ്ച് വിമാനത്തിൽ വന്നിറങ്ങിയിരുന്നു.
ഈ വിമാനം ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീനികളെ ഒഴിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള പ്രതികരിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ ആരോപണത്തെ കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്റോബി വഴിയാണ് സംഘം രാജ്യത്തേയ്ക്കു പറന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വ്യക്തമാക്കി.
നേരത്തെ അറിയിക്കാതെയായിരുന്നു ഇതെന്നും പലസ്തീൻ എംബസി ഇതിനകം വിശദമാക്കിയിട്ടുണ്ട്. ഗാസൻ പൗരന്മാരുടെ അവസ്ഥ ചൂഷണം ചെയ്യപ്പെട്ടു എന്നും രജിസ്റ്റർ ചെയ്യാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു സംഘടനയാണ് ഇതിനു പിന്നിലെന്നും പലസ്തീനികളുടെ കുടുംബങ്ങളിൽ നിന്നു പണം പിരിച്ച ശേഷം നിരുത്തരവാദപരമായി ദക്ഷിണാഫ്രിക്കയിൽ അയച്ചെന്നുമാണ് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വിശദീകരിക്കുന്നത്.
വ്യാഴാഴ്ചയാണ് കുട്ടികളും സ്ത്രീകളും ഉൾപ്പടെ 153 പലസ്തീൻകാരുമായി ചാർട്ടേഡ് വിമാനം ദക്ഷിണാഫ്രിക്കയിൽ എത്തിയത്. രാജ്യത്തേയ്ക്ക് പ്രവേശനം നിഷേധിച്ചതോടെ ഇവർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി. വിസയില്ലാതെ 90 ദിവസത്തേയ്ക്ക് ദക്ഷിണാഫ്രിക്കയിലേയ്ക്ക് യാത്ര ചെയ്യാൻ പലസ്തീൻ പൗരന്മാർക്ക് അനുമതിയുണ്ട്.