ഡോണൾഡ് ട്രംപ്

 
World

പുകഴ്ത്തലുകളും അവകാശവാദങ്ങളും; എന്നിട്ടും ട്രംപിന് 'സമാധാനം' ഇല്ല

ദീര്‍ഘകാലമായി സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ താന്‍ അര്‍ഹനാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു

Namitha Mohanan

വാഷിങ്ടൺ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ ട്രംപിന്‍റെ നിരാശയേക്കുറിച്ചുള്ള ചർച്ചകളാണ് കളം നിറയുന്നത്. അവകാശവാദങ്ങളും പുകഴ്ത്തലുകളും ലോക നേതാക്കളുടെ പിന്തുണയും ഒക്കെയായി സമാധാനത്തിനുള്ള നൊബേലിന് ട്രംപ് ഒരുക്കം കൂട്ടിയതോടെയാണ് ഇത്തവണ നൊബേൽ പ്രഖ്യാപനം ഇത്ര ആകാംക്ഷാഭരിതമായത്.

ദീര്‍ഘകാലമായി സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ താന്‍ അര്‍ഹനാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. 2025 ജനുവരിയില്‍ യുഎസിന്‍റെ പ്രസിഡന്‍റായി രണ്ടാമതും അധികാരമേറ്റതിനു ശേഷം ഇതുവരെയായി ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ തായ്‌ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രായേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെയും സംഘർഷം അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇപ്പോൾ ഇസ്രയേൽ ഗാസ സംഘർഷത്തിലും ട്രംപ് സമാധാനം കൊണ്ടുവന്നിരിക്കുകയാണ്.

എന്നാൽ, ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിച്ചെന്ന അവകാശവാദം പ്രത്യക്ഷത്തിൽ ഇന്ത്യയും പരോക്ഷമായി പാക്കിസ്ഥാനും നിഷേധിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയയില്‍ 'ദ പീസ് പ്രസിഡന്‍റ് ' (സമാധാന പ്രസിഡന്‍റ്) എന്ന അടിക്കുറിപ്പോടെ ട്രംപിന്‍റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. മാത്രമല്ല, പുരസ്കാര പ്രഖ്യാപനത്തിന് തൊട്ട് മുൻപായി റഷ്യയും ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ നിരാശ മാത്രം ഫലം.

ദീര്‍ഘകാല സമാധാന പ്രവർത്തനങ്ങൾ മുൻ നിർത്തി  അന്താരാഷ്ട്രസാഹോദര്യം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് സമിതി നൊബേൽ പുരസ്കാരം നൽകുക. മാത്രമല്ല ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ഏജൻസികൾ എന്നിവയെ അടക്കം അപമാനിക്കുന്ന നിലപാടുകൾ ട്രംപിന് ദോഷം ചേയ്തേക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ ആദ്യം മുതൽക്ക് തന്നെ പുറത്തു വന്നിരുന്നു.

മാത്രമല്ല, തനിക്ക് നൊബേൽ നൽകാതിരിക്കാനുള്ള കാരണങ്ങളവർ കണ്ടെത്തുമെന്നും അമെരിക്കയ്ക്ക് അപമാനമാവുമെന്നും ട്രംപ് മുൻകൂട്ടി പ്രതികരിച്ചിരുന്നു. ഇതൊരു മുൻകൂർ ജാമ്യമായി പരിഗണിക്കാം.

അതേസമയം, ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകാത്തത് സബന്ധിച്ചുള്ള ചോദ്യത്തിന് ''സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്‍റെ നീണ്ട ചരിത്രത്തിൽ, ഈ കമ്മിറ്റി എല്ലാത്തരം പ്രചാരണങ്ങളും, മാധ്യമ സംഘർഷങ്ങളും കണ്ടിട്ടുണ്ട്. സമാധാനം എന്താണ് അവർക്ക് അർത്ഥമാക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ആയിരക്കണക്കിന് കത്തുകൾ എല്ലാ വർഷവും ഞങ്ങൾക്ക് ലഭിക്കുന്നു. എല്ലാ സമ്മാന ജേതാക്കളുടെയും ഛായാചിത്രങ്ങൾ നിറഞ്ഞ ഒരു മുറിയിലാണ് ഈ കമ്മിറ്റി ഇരിക്കുന്നത്. ധൈര്യവും സത്യസന്ധതയും നിറഞ്ഞതാണ് പ്രഖ്യാപനം. ഞങ്ങൾ ഞങ്ങളുടെ തീരുമാനങ്ങൾ പ്രവൃത്തിയിലും ആൽഫ്രഡ് നൊബേലിന്‍റെ ഇച്ഛാശക്തിയിലും മാത്രമാണ് അടിസ്ഥാനമാക്കിയുള്ളത്'' എന്നായിരുന്നു കമ്മിറ്റി പ്രതിനിധിയുടെ പ്രതികരണം.

മരിയ കൊറിന മച്ചാഡോയ്ക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് പുരസ്കാരം.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്