വാഷിങ്ടൺ ഡിസി: യുഎസിന്‍റെ നാൽപ്പത്തേഴാം പ്രസിഡന്‍റായി റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികൾ ആക്രമിച്ച ക്യാപിറ്റോളിലാണ് ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങ്.
വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ട്രംപിനൊപ്പം സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തിനാണു ചടങ്ങുകൾക്കു തുടക്കം. ക്യാപിറ്റോളിലെ തുറന്ന വേദിയിൽ നടത്താനിരുന്ന ചടങ്ങ് അതിശൈത്യത്തെത്തുടർന്ന് മന്ദിരത്തിനുള്ളിലേക്കു മാറ്റിയിട്ടുണ്ട്. സൈനിക പരേഡ് ഉൾപ്പെടെയുള്ളവയിലും മാറ്റംവരുത്തി. 1985ൽ റൊണാൾഡ് റീഗന്‍റെ സത്യപ്രതിജ്ഞയും മന്ദിരത്തിനുള്ളിലായിരുന്നു.
സത്യപ്രതിജ്ഞയ്ക്കു ശേഷം ട്രംപ് അമെരിക്കയെ അഭിസംബോധന ചെയ്യും. അടുത്ത നാലു വർഷത്തേക്കുള്ള ഭരണ പദ്ധതി അദ്ദേഹം വിശദീകരിക്കും. വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കുന്ന പ്രാർഥനയോടെയാകും ചടങ്ങുകൾ സമാപിക്കുക. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണു ചടങ്ങിൽ പങ്കെടുക്കുന്നത്. റിലയൻസ് മേധാവി മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങിനായി വാഷിങ്ടണിലെത്തി.
സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോ ബൈഡൻ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 2019ൽ ബൈഡന്‍റെ സ്ഥാനാരോഹണച്ചടങ്ങിൽ ട്രംപ് പങ്കെടുത്തിരുന്നില്ല.
അമെരിക്കയെ അതിന്‍റെ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവരികയാണു ദൗത്യമെന്നു പ്രഖ്യാപിച്ച് ട്രംപ് ഞായറാഴ്ച വൈകിട്ടു തന്നെ വാഷിങ്ടണിലെത്തിയിട്ടുണ്ട്. നഗരമാകെ ട്രംപ് അനുകൂലികളെക്കൊണ്ടു നിറഞ്ഞു. കീഴ്‌വഴക്കമനുസരിച്ച് പെൻസിൽവാനിയ അവന്യൂവിലുള്ള പ്രസിഡന്‍റിന്‍റെ ഔദ്യോഗിക അതിഥിമന്ദിരം ബ്ലെയർ ഹൗസിലാണ് ട്രംപ് രാത്രി ചെലവഴിച്ചത്. നേരത്തേ, ഫ്ലോറിഡയിലെ പാംബീച്ചിൽ നിന്ന് ബോയിങ്ങിന്‍റെ സൈനിക വിമാനം സി 32ലായിരുന്നു നിയുക്ത പ്രസിഡന്‍റിന്‍റെ തലസ്ഥാനയാത്ര.