പോണി എ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ആർ ടി എ
ദുബായ്: അടുത്ത വർഷത്തോടെ ദുബായുടെ നിരത്തുകളിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ സജീവമാകും. ഈ വർഷം അവസാനത്തോടെ സ്വയം നിയന്തിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടങ്ങൾ തുടങ്ങാനാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതിക വിദ്യയിലെ പ്രമുഖരായ പോണി. എ ഐയുമായി ധാരണാപത്രം ഒപ്പു വെച്ചു. ടൊയോട്ട, ജി.എ.സി, ബി.എ.ഐസി തുടങ്ങിയ പ്രമുഖ ഓട്ടോമോട്ടിവ് കമ്പനികളുമായി സഹകരിച്ച് ഏഴാം തലമുറ ഓട്ടോണമസ് വാഹനങ്ങൾ പോണി എ ഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വ്യത്യസ്ത റോഡ്-കാലാവസ്ഥാ സാഹചര്യങ്ങളിൽ സുരക്ഷിതവും കൃത്യവുമായ നാവിഗേഷൻ ഉറപ്പാക്കാൻ വിപുലമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങളും ലിഡാറുകൾ, റഡാറുകൾ, കാമറകൾ എന്നിവയും ഉൾപ്പെടുന്ന ശക്തമായ സെൻസർ സംവിധാനമാണ് പോണി. എ ഐ കൊണ്ടുവന്നിട്ടുള്ളത്.
ഓട്ടോണോമസ് മൊബിലിറ്റിയിലെ മുൻനിര ആഗോള കമ്പനികളുമായുള്ള പങ്കാളിത്തം ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി സാക്ഷാത്കരിക്കാനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.
2030 ആകുമ്പോഴേക്കും ദുബായിലെ എല്ലാ യാത്രകളുടെയും 25 ശതമാനം ഡ്രൈവർ രഹിത യാത്രകളാക്കി മാറ്റുക എന്നതാണ് ഈ നയത്തിന്‍റെ ലക്ഷ്യം. ദുബായ് ആർ.ടി.എയുമായുള്ള സഹകരണം, ആഗോള വിപണികളിൽ ലെവൽ-4 ഓട്ടോണമസ് സാങ്കേതികവിദ്യ വിന്യസിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ എടുത്തു കാട്ടുന്നുവെന്ന് പോണി എ ഐ സി.എഫ്.ഒ ഡോ. ലിയോ വാങ് പറഞ്ഞു.