ബോണ്ടി ബീച്ച് കൂട്ട വെടിവയ്പ്
FILE PHOTO
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ച് കൂട്ടക്കൊല നടത്തിയ പ്രതികൾക്കെതിരെ ഭീകര ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം. കൂട്ട വെടിവയ്പ് നടത്തിയ പിതാവിനും മകനും ഭീകര സംഘടനാ ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സാജിദ് അക്രവും മകൻ നവീദ് അക്രവു തനിച്ചാണ് കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
ഡിസംബർ 14 നു നടന്ന അക്രമത്തിൽ 15 ജീവനുകൾ പൊലിഞ്ഞു. സാജിദിനെ പൊലീസ് വധിച്ചു. ഐസിസ് ഭീകര സംഘടനയിൽ ആകൃഷ്ടരായാണ് ഇരുവരും ആക്രമണം നടത്തിയതെന്ന നേരത്തെ പൊലീസ് പറഞ്ഞിരുന്നു. നവംബറിൽ ഇരുവരും ഫിലിപ്പീൻസിലേയ്ക്കു നടത്തിയ യാത്രയിലും സംശയകരമായി ഒന്നും ഇതു വരെ കണ്ടെത്താനായില്ല എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ഭീകര സംഘത്തിന്‍റെ ഭാഗമായോ മറ്റാരുടെയെങ്കിലും നിർദേശ പ്രകാരമോ ഇവർ ആക്രമണം നടത്തിയെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് കമ്മീഷണർ ക്രിസി ബാരറ്റ് വ്യക്തമാക്കി.