യുഎസിന്‍റെ കരാർ ശിരസാ വഹിച്ച് ഹമാസ്
file photo
കെയ്റോ: ഹമാസ്-ഇസ്രയേൽ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതായുള്ള സൂചനകൾ നൽകി ഹമാസ്. ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച് അമെരിക്ക മുന്നോട്ടു വച്ച കരാറിനോട് അനുകൂല നിലപാടുമായി ഹമാസ് രംഗത്തെത്തി. അറുപതു ദിവസത്തെ വെടിനിർത്തലിനായി ചർച്ചകൾക്ക് തയാറാണെന്ന് ഹമാസ് വ്യക്തമാക്കി.
വെടിനിർത്തൽ നിലവിൽ വരുന്നതോടെ ഗാസയിൽ അടിയന്തിര സഹായം എത്തിക്കാൻ കഴിയും. സ്ഥിരമായ വെടിനിർത്തലിലേയ്ക്ക് നയിക്കുന്നതാവണം ഈ ചർച്ചകൾ എന്ന് ഉറപ്പു വേണമെന്നും ഹമാസ് നേതൃത്വം ആവശ്യപ്പെടുന്നു. ഗാസ പ്രശ്നത്തിൽ ഒരു അനുകൂല മറുപടി ഉണ്ടാകുമെന്നു ഹമാസ് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് ട്രംപ് പറഞ്ഞിരുന്നു. അടുത്തയാഴ്ചയോടെ ഗാസ ഉടമ്പടി ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്‍റെ പ്രതികരണം.
ഗാസ സമാധാനം സംബന്ധിച്ച് പലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ഹമാസ് ചർച്ച നടത്തിയതിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസിൽ എത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനു മുമ്പേ ചർച്ചയ്ക്കു തയാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇസ്രയേലും യുഎസും ഇതു വരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ നടപ്പാകണമെങ്കിൽ ഹമാസിന്‍റെ നിരായുധീകരണം യാഥാർഥ്യമാകണം എന്ന നിലപാടിലാണ് ഇസ്രയേൽ. ഹമാസ് അത് അംഗീകരിക്കുന്നില്ല.