ദുബായ്: ദുബായുടെ ദീർഘ വീക്ഷണത്തിന്‍റെയും സാങ്കേതിക വൈദഗ്ധ്യത്തിന്‍റെയും മികവ് ആഗോള തലത്തിൽ ഉയർത്തിയ എക്സ്പോ 2020 പ്രദർശന വേദിയായ എക്സ്പോ സിറ്റിയിൽ ഭാവി മാതൃകാ നഗരം ഉയരുന്നു. 75000 പേർക്കുള്ള ഭവന-ബിസിനസ് പദ്ധതിയാണ് എക്സ്പോ സിറ്റി കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്.
ഇതിന്‍റെ മാസ്റ്റർ പ്ലാനിന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. മൂന്നര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അഞ്ച് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നതാണ് പദ്ധതി.
35000 താമസക്കാർക്കും 40000 പ്രൊഫഷണലുകൾക്കും ഇതിൽ ഇടമുണ്ടാകും.ഡിപി വേൾഡിന്‍റെ ആഗോള ആസ്ഥാനം, 10 മില്യൺ ദിർഹം മുതൽ മുടക്കിൽ നിർമിക്കുന്ന പുതിയ അന്തർദേശീയ പ്രദർശന കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
പുതിയ നഗരം നൂനതത്വത്തിന്‍റെയും സുസ്ഥിരതയുടെയും ഗോപുരമാണെന്നും ദുബായിയുടെ വിജയഗാഥയിലെ പുതിയ അധ്യായമായിരിക്കും ഇതെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോകത്തെ വിസ്മയിപ്പിക്കുന്ന വികസന മാതൃകയായി ഇത് നിലകൊള്ളുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
യുഎഇ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിലാണ് മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയത്.
ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ഫലമാണ് എക്സ്പോ സിറ്റി പദ്ധതിയെന്നും ഭാവി നഗരങ്ങളുടെ മാതൃകയാണ് ഇതെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായ് സാമ്പത്തിക അജണ്ട മുന്നോട്ട് വെക്കുന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമാണ് ഇതെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
'ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040' വിഭാവനം ചെയ്യുന്ന അഞ്ചിൽ ഒരു അർബൻ കേന്ദ്രം ഇതാണ്. അൽ മക്തൂം വിമാനത്താവളം, ജബൽ അലി തുറമുഖം എന്നിവയുടെ സാമീപ്യം പുതുനഗരത്തെ ശ്രദ്ധേയമാക്കുന്നു. എക്സ്പോ ഹിൽസ്, എക്സ്പോ ഫീൽഡ്‌സ്, എക്സ്പോ ബിസിനസ്, എക്സ്പോ ഡൗൺടൗൺ, എക്സ്പോ ഫോറസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ വിവിധ സൗകര്യങ്ങളോടെയാണ് എക്സ്പോ സിറ്റി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത്.