യുഎസ് സൈന്യത്തെ സഹായിച്ച അഫ്ഗാനികളെ കോംഗോയിലേയ്ക്കു മാറ്റാൻ ട്രംപ് ഭരണകൂടം

 

file photo

World

യുഎസ് സൈന്യത്തെ സഹായിച്ച അഫ്ഗാനികളെ കോംഗോയിലേയ്ക്കു മാറ്റാൻ ട്രംപ് ഭരണകൂടം

അഫ്ഗാൻ ഇവാക് എന്ന അഭിഭാഷക സംഘടനയുടെ സ്ഥാപകനും പ്രസിഡന്‍റുമായ ഷോൺ വാണൻഡൈവറാണ് ഇക്കാര്യം വ്യക്തമാക്കിയത്

Reena Varghese

വാഷിങ്ടൺ: യുഎസ് സൈന്യത്തെ അഫ്ഗാനിൽ സഹായിച്ച അഫ്ഗാൻ പൗരന്മാരെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കോംഗോയിലേയ്ക്കു നീക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. അഫ്ഗാൻ ഇവാക് എന്ന അഭിഭാഷക സംഘടനയുടെ സ്ഥാപകനും പ്രസിഡന്‍റുമായ ഷോൺ വാണൻഡൈവറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ് ഭരണകൂടം അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റം നിർത്തി വച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു നടപടിയെന്നും ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതിയെ കുറിച്ച് നിരവധി ഉദ്യോഗസ്ഥർ തനിക്ക് വിവരം അറിയിച്ചിട്ടുണ്ടെന്നും ഷോൺ കൂട്ടിച്ചേർത്തു. നിലവിൽ ഏകദേശം 1100 അഫ്ഗാൻ പൗരന്മാർ ഖത്തറിലെ ദോഹയിൽ യുഎസ് നിയന്ത്രണത്തിലുള്ള ട്രാൻസിറ്റ് കേന്ദ്രത്തിൽ കഴിയുകയാണ്. ഇവരിൽ 400ലധികം കുട്ടികളും നൂറു കണക്കിനു സ്ത്രീകളും ഉൾപ്പെടുന്നു.

വാൻഡൈവർ പറഞ്ഞത് അനുസരിച്ച് ഭരണകൂടത്തിന്‍റെ പദ്ധതിയിൽ അഫ്ഗാൻ പൗരന്മാർക്ക് കോൺഗോയിലേയ്ക്ക് കുടിയേറുകയോ അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേയ്ക്കു മടങ്ങുകയോ ചെയ്യാം. എന്നാൽ അഫ്ഗാനിസ്ഥാനിലേയ്ക്കു മടങ്ങിയാൽ താലിബാൻ ഭരണകൂടം ഇവർക്കെതിരേ അതിശക്തമായ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

എന്നാൽ ഈ വാർത്തയോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. ഏറെ ഗുരുതരമായ പ്രതിസന്ധി നിലനിൽക്കുന്ന രാജ്യമാണ് കോംഗോ. യുഎൻ അഭയാർഥി ഏജൻസിയുടെ കണക്കുകൾ പ്രകാരം 2025 സെപ്റ്റംബർ വരെ 8.2 മില്യൺ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടിരുന്നു. വർഷാവസാനത്തോടെ ഇത് ഒൻപതു മില്യണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഒരു രാജ്യത്തേയ്ക്ക് കയറ്റി വിടുന്നത് ഏറെ ഭയാനകമാണെന്ന് ഷോൺ കൂട്ടിച്ചേർത്തു.

ഇതിനകം 600,000 ത്തിലധികം അഭയാര്‍ഥികളെ എത്തിച്ചിട്ടുള്ള കോംഗോയില്‍ സംഘര്‍ഷവും തുടര്‍ച്ചയാണ്. കോംഗോ ഒരു കുടിയേറ്റ കേന്ദ്രമെന്ന നിലയിൽ സുരക്ഷിതമല്ല, കുടിയേറ്റത്തിന് അനുയോജ്യവുമല്ല എന്ന് വാൻഡൈവർ വ്യക്തമാക്കി. യുഎസിന്‍റെ ഈ നീക്കം 1100 അഫ്ഗാൻ പൗരന്മാരെ പുനരധിവസിപ്പിക്കാനുള്ളതല്ലെന്നും ഇത് അവരെ അഫ്ഗാനിലേയ്ക്കു തിരിച്ചയയ്ക്കാനുള്ള ശ്രമമാണെന്നും ഷോൺ കൂട്ടിച്ചേർത്തു.

അഫ്ഗാൻ പൗരന്മാർക്ക് സ്വമേധയാ പുനരധിവാസത്തിനുള്ള പദ്ധതികൾ കണ്ടെത്താൻ പ്രവർത്തനങ്ങൾ തുടരുകയാണ്. എങ്കിലും ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു.

അഫ്ഗാന്‍ഇവാകയുടെ കണക്കുകള്‍ പ്രകാരം, അമേരിക്കന്‍ യുദ്ധശ്രമങ്ങള്‍ക്ക് സഹായം നല്‍കിയ 190,000-ത്തിലധികം അഫ്ഗാന്‍ പൗരന്മാര്‍ ഇതിനകം യുഎസില്‍ നിയമാനുസൃതമായി പുനരധിവസിച്ചിട്ടുണ്ട്. ഇപ്പോഴും കാത്തിരിക്കുന്നത് 1,100 പേരാണ്. അഫ്ഗാന്‍ പൗരന്മാര്‍ ഇതിനകം കര്‍ശനമായ പരിശോധനയ്ക്ക് വിധേയരായതിനാൽ യുഎസ് കോൺഗ്രസ് ഇടപെട്ട് അവരെ യുഎസിലേയ്ക്കു കൊണ്ടുവരണമെന്ന ആവശ്യവും അതിശക്തമാണ്.

സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

'വാട്ട്സാപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല; ശബരിമല കേസിലെ വാദത്തിനിടെ സുപ്രീം കോടതി

ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുത്; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം നല്‍കി

അങ്കണവാടിയിൽ വരാൻ കുട്ടികളെ നിർബന്ധിക്കരുത്; ഉത്തരവിട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ

വെടിക്കെട്ട് ദുരന്തം: കുളക്കരയിൽ നിന്ന് ഒരാളുടെ തല കണ്ടെത്തി, കത്തിക്കരിഞ്ഞ നിലയിൽ