ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി
ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചക്കാലം നീണ്ടു നിന്ന വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തി വച്ചതിനു പിന്നാലെ അമെരിക്കയുമായി നിലവിൽ യാതൊരു വിധ സമാധാന ചർച്ചകളും നടക്കുന്നില്ലെന്നു വ്യക്തമാക്കി ഇറാൻ. തങ്ങളുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എത്രകാലം വേണമെങ്കിലും പ്രതിരോധം തുടരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുദ്ധത്തിന്‍റെയും സമാധാനത്തിന്‍റെയും സമയം നിശ്ചയിക്കാൻ അമെരിക്കയെ ഇറാൻ ഒരിക്കലും അനുവദിക്കില്ലെന്നു ബഗായി തുറന്നടിച്ചു. ഇറാനെതിരേ നടക്കുന്ന സൈനിക ആക്രമണങ്ങളുടെ സമ്പൂർണ ഉത്തരവാദിത്തം അമെരിക്കയ്ക്കാണ്. നിലവിൽ ബോംബാക്രമണങ്ങൾ നിർത്തി വച്ചതു കൊണ്ടു മാത്രം അതിനെ വെടിനിർത്തൽ എന്നു വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയ ട്രംപ് കഴിഞ്ഞ വാരാന്ത്യത്തിലാണ് ആക്രമണങ്ങൾക്ക് താൽക്കാലിക ആശ്വാസം പ്രഖ്യാപിച്ചത്. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് കളമൊരുക്കുന്നതിനാണ് ഈ ആക്രമണ വിരാമമെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡർ മൈക്ക് വാൾട്സ് വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രമുഖ വാണിജ്യ പാതയായ ഹോർമൂസ് സമുദ്ര സന്ധിയിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് ഇറാന്‍റെയും ഒമാന്‍റെയും ഡെപ്യൂട്ടി വിദേശകാര്യമന്ത്രിമാർ തമ്മിൽ ടെഹ്റാനിൽ ചർച്ചകൾ തുടരുകയാണ്. ഈ ഉഭയകക്ഷി ചർച്ചകൾ തികച്ചും ഫലപ്രദമാണെന്നും സമുദ്രസന്ധിയിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും, എന്നാൽ അമേരിക്കയുമായി ഈ ചർച്ചകൾക്ക് യാതൊരു ബന്ധവുമില്ലെന്നും ബഗായി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും പരമാധികാരവും ഇറാന്‍റെ സുരക്ഷയും പൂർണമായും സംരക്ഷിച്ചു കൊണ്ടുള്ള സംവിധാനമാണ് വികസിപ്പിക്കുന്നത്. ആക്രമണങ്ങളിൽ അമെരിക്കയ്ക്കു കൂട്ടാളികളായ ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ നിശിതമായി വിമർശിച്ച ബഗായ്, കൂടുതൽ വിവേകത്തോടെ ബ്രിട്ടന്‍റെ പുതിയ സർക്കാർ പ്രവർത്തിക്കുമെന്നാണ് തങ്ങൾ കരുതിയതെന്നും അഭിപ്രായപ്പെട്ടു.