പതിനഞ്ചു മാസം നീണ്ട പരിധികളില്ലാത്ത യുദ്ധത്തിനൊടുവിൽ ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന്‍റെ ആശ്വാസത്തിലാണ് ലോകം. ഇക്കാലയളവിൽ പലസ്തീൻ അടക്കി ഭരിച്ചിരുന്ന ഹമാസ് ഭീകര സംഘടനയിലെ ഉന്നതരെ തെരഞ്ഞു പിടിച്ചു പൂർണമായും തകർത്ത ഇസ്രയേലിനെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ ഹമാസ്. പലസ്തീനിന്‍റെ തീരപ്രദേശം അവർ ഏറ്റെടുത്തിരിക്കുന്നു. ഹമാസ് ഭീകരർ തങ്ങളുടെ പതാകകളേന്തി മുഖം മൂടി ധരിച്ച് ഗാസയുടെ തെരുവുകൾ കീഴടക്കുന്നതാണ് ഇപ്പോൾ ലോകം കാണുന്നത്.
ഹമാസിന്‍റെ ഈ പുനരുജ്ജീവനം പല ഗാസക്കാരെയും അത്ഭുതപ്പെടുത്തി. ഹമാസിനെ ഉന്മൂലനം ചെയ്യാൻ കച്ച കെട്ടിയിറങ്ങിയ ഇസ്രയേലിന്‍റെ യുദ്ധം വിജയിക്കുമോ എന്ന ചോദ്യമുയർത്തും വിധമാണ് ഹമാസിന്‍റെ പുനരുജ്ജീവനം. യുദ്ധാനന്തര ഗാസ എങ്ങനെയായിരിക്കുമെന്ന ചിന്തയും ഹമാസിന്‍റെ അത്ഭുതകരമായ പുനരുജ്ജീവനവും ഗാസക്കാരെ മാത്രമല്ല, ലോകത്തെയൊട്ടാകെ അത്ഭുതപരതന്ത്രരാക്കുന്നു. എന്നാൽ എത്ര രക്ഷപെട്ടാലും യുദ്ധത്തിന്‍റെ അന്തിമലക്ഷ്യം ഹമാസിന്‍റെ പൂർണമായ ഉന്മൂലനമാണെന്ന കാര്യത്തിൽ ഇസ്രയേലിനു രണ്ടു പക്ഷമില്ല.
ഈജിപ്റ്റ്, ഖത്തർ, യുഎസ് എന്നിവയുടെ മധ്യസ്ഥതയിലുള്ള ഉടമ്പടി കരാർ പൂർത്തിയാകാൻ ആറാഴ്ച സമയമുണ്ട്. ഇതിനകം തങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ ഇസ്രയേലിന്‍റെ ശ്രദ്ധ. എന്നാൽ, വെടിനിർത്തൽ ആരംഭിച്ചതു മുതൽക്കേ ഗാസയുടെ മേലുള്ള തങ്ങളുടെ നഷ്ടപ്പെട്ട അധീശത്വം തിരിച്ചു പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഹമാസ്. നിലവിൽ ഗാസയുടെ നിയന്ത്രണം കൈയിലുള്ള പലസ്തീൻ അഥോറിറ്റി വെസ്റ്റ് ബാങ്കിലെ തീരദേശമേഖലയിൽ തിരിച്ചു വരവു നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഹമാസിന്‍റെ ഈ തിരിച്ചു വരവ്.
ഇസ്രയേലാകട്ടെ യുദ്ധാനന്തര ഗാസയെ നിയന്ത്രിക്കാൻ കഴിയുന്ന ഏതെങ്കിലുമൊരു ബദൽ ഗ്രൂപ്പിനെ നൽകാനുള്ള തത്രപ്പാടിലാണ്. എന്നാൽ, ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചുവരവ് നടത്തിയ ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന നിമിഷം മുതൽ അവരുടെ വൃത്തിയുള്ള സൈനിക യൂണിഫോം ധരിച്ച് വെളുത്ത കാറുകളിൽ സഞ്ചരിക്കുന്നതാണ് ഗാസ കണ്ടത്. ഗാസയിലെ നിരവധി നിവാസികൾക്ക് പോലും, ഇവരുടെ പെട്ടെന്നുള്ള ആവിർഭാവം ഒരു അദ്ഭുതമായിരുന്നു.
ഞൊടിയിടയിൽ പുറത്തു വന്ന ഈ തീവ്രവാദികൾ യുദ്ധ സമയത്ത് എവിടെയായിരുന്നു എന്ന് ഇസ്രയേലിന് യാതൊരറിവും ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികൾ ഇസ്രായേലിന് ബന്ദികളെ കൈമാറുമ്പോൾ എത്തുന്ന ഹമാസ് തീവ്രവാദികൾ വൃത്തിയുള്ള യൂണിഫോമിൽ മാന്യമായി കാറുകളോടിച്ചാണ് എത്തുന്നത്. ഹമാസ് ഉന്നതർ ഇല്ലാതെയായെങ്കിലും ഹമാസ് ഭീകരർ നല്ലൊരു വിഭാഗം ഇപ്പോഴും സുരക്ഷിതമായുണ്ട് എന്നതിനു തെളിവാണിത്.
വെടിനിർത്തലോടെ ഹമാസ് ഭീകരർ തങ്ങളുടെ പൊലീസ് സേനയെ തെരുവിലിറക്കി, ട്രാഫിക് എയ്ഡ് ട്രക്കുകൾക്ക് നിർദേശം നൽകി, തീരദേശ മേഖലയിൽ ക്രമസമാധാനപാലനം നടത്തി ഗാസ വീണ്ടെടുക്കാൻ വേണ്ട കഠിന പരിശ്രമത്തിലാണ്.
എന്നാൽ, പലസ്തീൻ അതോറിറ്റിയല്ലാതെ മറ്റാരു തന്നെ യുദ്ധാനന്തര ഗാസയുടെ മേൽനോട്ടം വഹിച്ചാലും അത് അംഗീകരിക്കാനാകില്ലെന്ന് ഈ ആഴ്ച ആദ്യം തന്നെ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ പറഞ്ഞു.
യുഎസും ഈ ആശയത്തെയാണ് പിന്തുണയ്ക്കുന്നത്. 2007ൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ശേഷം അട്ടിമറിയിലൂടെയാണ് ഹമാസ് ഗാസയെ ബലമായി പിടിച്ചടക്കിയത്.
അതുവരെ ഗാസ മുനമ്പിൽ ഭരണം നടത്തിയിരുന്നത് പലസ്തീൻ അഥോറിറ്റിയാണെന്നത് ശ്രദ്ധേയമാണ്. അങ്ങനെയുള്ള പലസ്തീൻ അഥോറിറ്റിയെ ഭരണം ഏൽപിച്ചാൽ പലസ്തീന് രാഷ്ട്രപദവി നൽകുന്നതിന് അത് കാരണമായേക്കാം എന്നതിനാൽ പലസ്തീൻ അഥോറിറ്റിയുടെ ഇടപെടലിനെ ഇസ്രായേൽ പ്രോത്സാഹിപ്പിക്കുന്നില്ല.