'ജെൻ സി' പ്രക്ഷോഭം; നേപ്പാളിൽ 8 പേർ മരിച്ചു, നൂറ് കണക്കിന് പേർക്ക് പരുക്ക്|Video
കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങളുടെ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാക്കൾ നടത്തിയ പ്രക്ഷോഭനത്തിനിടെ 8 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പ്രക്ഷോഭകർ കർഫ്യു ലംഘിക്കുകയും നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ സർക്കാർ സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭകർക്കെതിരേ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു.
ചില പ്രതിഷേധകാരികൾ പാർലമെന്‍റ് വളപ്പിനുള്ളിലേക്കും അതിക്രമിച്ചു കയറിയിട്ടുണ്ട്. പ്രക്ഷോഭം പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് , പ്രധാനമന്ത്രി എന്നിവരുടെ വസതിയോട് ചേർന്ന് കർഫ്യു പ്രഖ്യാപിച്ചു.
രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകളാണ് വെള്ളിയാഴ്ച മുതൽ നേപ്പാളിൽ നിരോധിച്ചിരിക്കുന്നത്. നിരോധനം എടുത്തു മാറ്റണമെന്നും അഴിമതി സംസ്കാരം ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടാണ് പുതുതലമുറ തെരുവിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രക്ഷോഭം തുടരുകയാണ്.
ദേശീയ പതാക ഏന്തിയും ദേശീയ ഗാനം പാടിയുമാണ് യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ നിരോധിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ്. എന്നാൽ അതു മാത്രമല്ല ഈ പ്രക്ഷോഭത്തിന്‍റെ കാരണം. നേപ്പാളിൽ അടിയുറച്ചു പോയ അഴിമതിക്കെതിരേയാണ് ഞങ്ങൽ പ്രതിഷേധിക്കുന്നതെന്ന് വിദ്യാർഥിയായ യുജാൻ രാജ്ഭണ്ഡാരി പറയുന്നു.