ബാൾട്ടിക് കടലിനു മുകളിലൂടെ റഷ്യയുടെ സൈനിക വിമാനങ്ങൾ
file photo
ബെർലിൻ: യുക്രെയ്ൻ-റഷ്യൻ സംഘർഷത്തിൽ യുക്രെയ്നിനു പിന്തുണയുമായി യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളും രംഗത്തിറങ്ങിയതിനു പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾക്കു നേരെ തുടർച്ചയായ ഭീഷണിയുമായി റഷ്യ. കഴിഞ്ഞ ദിവസം എസ്തോണിയയ്ക്ക് മുകളിലൂടെ സൈനിക വിമാനങ്ങൾ പറത്തിയതിനു പിന്നാലെ തിങ്കളാഴ്ച ബാൾട്ടിക് കടലിനു മുകളിലൂടെ റഷ്യയുടെ സൈനിക വിമാനങ്ങൾ പറത്തി.
ഈ സൈനിക വിമാനങ്ങളെ പ്രതിരോധിക്കാനായി ജർമനിയും സ്വീഡനും രംഗത്തെത്തി. റഷ്യയുടെ ഐഎൽ-20 നിരീക്ഷണ വിമാനങ്ങളാണ് യൂറോപ്പിലെ നിർണായക മേഖലയായ ബാൾട്ടിക് കടലിനു മുകളിലൂടെ പറന്നത്. നിരീക്ഷണം നടത്തി ചിത്രങ്ങൾ പകർത്താൻ റഷ്യ ഉപയോഗിക്കുന്ന വിമാനമാണിത്.
റഷ്യൻ നീക്കത്തിനു പിന്നാലെ രാജ്യാന്തര അതിർത്തിയിൽ സ്വീഡൻ രണ്ടു സ്വീഡിഷ് ഗ്രിപെൻ ജെറ്റുകളും രണ്ടു ജർമൻ യൂറോ ഫൈറ്റർ ജെറ്റുകളും വിന്യസിച്ചു.
അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പറന്ന വിമാനത്തെ നേരിടാൻ യൂറോഫൈറ്ററുകൾ റോസ്റ്റോക്ക്- ലാജ് വ്യോമതാവളത്തിൽ നിന്നു പറന്നുയർന്നു. വിമാനത്തെക്കുറിച്ച് അന്വേഷിക്കാൻ നാറ്റോ ഉത്തരവിട്ടതായി വ്യോമസേന പറഞ്ഞു. എസ്തോണിയയുടെ മുകളിലൂടെ റഷ്യൻ ജെറ്റുകൾ പറന്ന സംഭവം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച നാറ്റോ നോർത്ത് അറ്റ്ലാന്‍റിക് കൗൺസിൽ യോഗം ചേരുന്നുണ്ട്.