വടി കൊടുത്ത് അടി വാങ്ങി നോർവീജിയൻ മാധ്യമ പ്രവർത്തക

 
World

വടി കൊടുത്ത് അടി വാങ്ങി നോർവീജിയൻ മാധ്യമ പ്രവർത്തക

നോർവേയിൽ നിറഞ്ഞാടി പാലാക്കാരൻ സിബി ജോർജ്

Reena Varghese

വ്യക്തമായ ഉദ്ദേശ്യത്തോടെ ഇന്ത്യയെ അധിക്ഷേപിക്കാൻ കച്ച കെട്ടിയിറങ്ങിയ നോർവീജിയൻ മാധ്യമപ്രവർത്തക ഇപ്പോൾ സ്വയം കുഴിച്ച കുഴിയിൽ കിടന്നുരുളുന്നതാണ് വൈറലായ വാർത്ത. നേരത്തെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടങ്ങിയതിനെ തുടർന്നാണ് നോർവേയിൽ തർക്കങ്ങൾ ആരംഭിച്ചത്.

ഡാഗ്സാവിസെൻ എന്ന പ്രാദേശിക പത്രത്തിലെ മാധ്യമ പ്രവർത്തകയായ ഹെല്ലെ ലിങ് ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് എന്തു കൊണ്ട് താങ്കൾ മറുപടി പറയുന്നില്ല എന്ന് ഉച്ചത്തിൽ ചോദിച്ചിരുന്നു. ഇതിന്‍റെ വീഡിയോ അവർ എക്സിൽ പങ്കു വച്ചതോടെ ചർച്ചകൾ അന്താരാഷ്ട്ര തലത്തിലേയ്ക്കു വ്യാപിച്ചു. നിലവിൽ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157ാം സ്ഥാനത്തുമാണ്. ഇതിനു പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിൽ ഹെല്ലെ ലിങ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. അപ്പോൾ വിദേശകാര്യമന്ത്രാലയം വെസ്റ്റ് വിങ് സെക്രട്ടറി സിബി ജോർജ് അതിശക്തമായ ഭാഷയിൽ നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നോർവേയിൽ നിറഞ്ഞാടി പാലാക്കാരൻ സിബി ജോർജ്

അയ്യായിരം വർഷം പഴക്കമുള്ള മാറ്റമില്ലാത്ത സംസ്കാരമുള്ള രാഷ്ട്രമാണ് ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയിൽ സ്ത്രീപുരുഷന്മാർക്കുള്ള സമത്വത്തെ കുറിച്ചും ഇവിടുത്തെ മാധ്യമങ്ങളുടെ വ്യാപ്തിയെ കുറിച്ചും സിബി ജോർജ് ഒരു ക്ലാസ് തന്നെ എടുത്തു. ഇടയ്ക്ക് ഉച്ചത്തിൽ ബഹളം വയ്ക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകയോട് നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ മറുപടി പറയാനല്ല താനിവിടെ ഇരിക്കുന്നതെന്ന് പറഞ്ഞ സിബി ജോർജ് , എന്ത് എപ്പോൾ എങ്ങനെ മറുപടി പറയണമെന്ന് താൻ നിശ്ചയിക്കും എന്നു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഹെല്ലെയെ ഉത്തരം മുട്ടിക്കുന്നതും വീഡിയോയിൽ വൈറലായി.

കോവിഡ് കാലത്ത് ഇന്ത്യ സ്വയം രക്ഷപ്പെടുക മാത്രമല്ല, നൂറിലധികം രാജ്യങ്ങളെ വാക്സിൻ നൽകി രക്ഷപ്പെടുത്തിയതും സിബി ജോർജ് എടുത്തു പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും മാധ്യമങ്ങളുടെ വ്യാപ്തിയെയും കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ചില എൻജിഒകളുടെ റിപ്പോർട്ടുകൾ മാത്രം വായിച്ചാണ് വിദേശ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി