അബുദാബിയിൽ അറസ്റ്റിലായവർ.
അബുദാബി: ഇറാൻ ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന 27 പേരെ യുഎഇ ദേശീയ സുരക്ഷാ വകുപ്പ് അബുദാബിയിൽ അറസ്റ്റ് ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള 'വിലായത്തുൽ ഫകിഹ്' എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.
ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന് എസ്.എസ്.ഡി പ്രസ്താവനയിൽ അറിയിച്ചു.
ഭീകര സംഘനകളുമായി ചേർന്ന് രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സംഘടനകളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഇത്തരം സംഘനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുക, യുഎഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്എസ്ഡി അറിയിച്ചു.
രഹസ്യ സംഘന രൂപീകരിക്കുക, രാജ്യത്തിനകത്ത് അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട് ചെയ്യണമെന്ന് പൗരൻമാർ, താമസക്കാർ എന്നിവരോട് വകുപ്പ് അഭ്യർഥിച്ചു.