സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേർക്ക് പരുക്ക്
മാഡ്രിഡ്: സ്‌പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി കർഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 21 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 73 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
മലാഗയിൽ നിന്ന് മഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിൻ ഇടിച്ചുകയറിയതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത്. മഡ്രിഡിൽനിന്ന് ഹുവൽവയിലേക്ക് പുറപ്പെട്ട ട്രെയിനാണ് ഇടിച്ചുകയറിയത്. അപകടത്തെത്തുടർന്ന് ഒട്ടേറെ ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന് ഉള്ളിൽ കുടുങ്ങിയ ആളുകൾ എമർജൻസി വിൻഡോ തകർത്ത് പുറത്തേക്കു വരുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
വൈകിട്ട് 5.40ഓടെയാണ് അപകടമുണ്ടായത്. മലാഗയിൽയിൽനിന്നും പുറപ്പെട്ട ട്രെയിൻ ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ് പാളംതെറ്റിയത്. ഈ ട്രെയിനിൽ 300 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് മഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.