സയാൻ ഘോഷ് 
World

ബംഗ്ലാദേശിലെത്തിയ ഇന്ത്യക്കാരന് മർദനം

ഇന്ത്യയിൽ നിന്നുള്ള ഹിന്ദുവാണെന്ന് അറിഞ്ഞപ്പോഴായിരുന്നു അജ്ഞാത സംഘം തെരുവിൽ മർദനത്തിന് ഇരയാക്കിയതെന്ന് യുവാവിന്‍റെ പരാതി

VK SANJU

കോൽക്കത്ത: സുഹൃത്തിനെ കാണാൻ ധാക്കയിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശിക്ക് ബംഗ്ലാദേശിൽ നേരിടേണ്ടി വന്നതു കൊടിയ ആക്രമണം. ഇന്ത്യയിൽ നിന്നുള്ള ഹിന്ദുവാണെന്ന് അറിഞ്ഞപ്പോഴായിരുന്നു അജ്ഞാത സംഘം തെരുവിൽ മർദനത്തിന് ഇരയാക്കിയതെന്ന് യുവാവ് പറയുന്നു. ആക്രമണത്തിൽ യുവാവിന്‍റെ തലയ്ക്കും ചുണ്ടിനും പരുക്കേറ്റു. കണ്ടു നിന്നവർ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കേസെടുക്കാൻ ബംഗ്ലാദേശ് പൊലീസ് തയാറായില്ലെന്നും യുവാവ് ആരോപിക്കുന്നു.

കോൽക്കത്തയ്ക്കു സമീപം ബെൽഗാരിയ സ്വദേശി സയാൻ ഘോഷിനാണ് (22) ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം തുടരുന്ന ബംഗ്ലാദേശിൽ ദുരനുഭവം. കഴിഞ്ഞ മാസം 23ന് ധാക്കയിലെത്തിയ തന്നെ സുഹൃത്തിന്‍റെ കുടുംബാംഗങ്ങൾ സ്വന്തം മകനെപ്പോലെയാണു സ്വീകരിച്ചതെന്നു ഘോഷ് പറഞ്ഞു. 26ന് വൈകിട്ട് സുഹൃത്തിനൊപ്പം റോഡിലിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

''സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 70 മീറ്ററോളം അകലെ നിൽക്കുമ്പോൾ അഞ്ച് യുവാക്കൾ ഉൾപ്പെട്ട സംഘം ഞാൻ ആരാണെന്നു ചോദിച്ചു. ഇന്ത്യയിൽ നിന്നാണെന്നും ഹിന്ദുവാണെന്നും പറഞ്ഞതോടെ എന്നെ തൊഴിച്ചും തള്ളിയും വീഴ്ത്തി. തടയാൻ ശ്രമിച്ച സുഹൃത്തിനെയും അവർ ആക്രമിച്ചു. എന്‍റെ മൊബൈൽ ഫോണും പഴ്സും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു'', സയൻ ഘോഷ് പറയുന്നു

പരാതി നൽകാൻ ശ്യാംപുർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ എന്തിന് ഇങ്ങോട്ടു വന്നു എന്നായിരുന്നു ചോദ്യം. വിസ പരിശോധിക്കുകയും സുഹൃത്തുമായി സംസാരിക്കുകയും ചെയ്തതോടെയാണ് അവർ അടങ്ങിയത്. ആശുപത്രിയിൽ ചികിത്സ തേടാൻ അവർ നിർദേശിച്ചു. എന്നാൽ, രണ്ട് സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകാൻ തയാറായില്ല. മൂന്നു മണിക്കൂറിനുശേഷം ധാക്ക മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നാണു ചികിത്സ ലഭിച്ചത്.

നെറ്റിയിലും തലയിലും തുന്നലുണ്ട്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പരാതി നൽകാത്തത് സുഹൃത്തിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷിതത്വത്തിലുള്ള ആശങ്ക മൂലമെന്നും ശയൻ ഘോഷ്. 29ന് പുലർച്ചെ ദർശനയിലേക്കുള്ള ട്രെയ്‌നിലാണു മടങ്ങിയത്. തുടർന്ന് സീൽദയിലെത്തി ലോക്കൽ ട്രെയ്‌നിൽ ബെൽഗാരിയയിലെത്തി. കോൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ പരാതി നൽകാനാണു തീരുമാനമെന്നും സയൻ ഘോഷ്.

അതേസമയം, ബംഗ്ലാദേശിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇടക്കാല ഭരണകൂടം പ്രതിജ്ഞാ ബദ്ധമെന്നു ഡെപ്യൂട്ടി ഹൈക്കമ്മിഷൻ പ്രതികരിച്ചു. സഞ്ചാരികൾ പരാതി നൽകിയാൽ നീതിപൂർവമായ അന്വേഷണമുണ്ടാകുമെന്നും ഹൈക്കമ്മിഷൻ.

പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

രോഹിത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

"മകൾ അഹിന്ദുക്കളുടെ വീട് സന്ദർശിച്ചാൽ കാല് തല്ലിയൊടിക്കണം"; വിവാദപ്രസ്താവനയുമായി പ്രഗ്യ സിങ്