ഡോ. ഇന്ദർബിർ എസ്. ഗിൽ
file photo
കാലിഫോർണിയ: ലോകത്തിലെ ആദ്യത്തെ യൂറിൻ ബ്ലാഡർ മാറ്റി വയ്ക്കലിന് നേതൃത്വം നൽകി കാലിഫോർണിയയിലെ സർജൻ ഇന്ദർബിർ ഗിൽ.
ലോസ് ഏഞ്ചൽസ്, കാലിഫോർണിയ- ട്രാൻസ്പ്ലാന്‍റ് മെഡിസിന്‍റെ ഭാവി പുനർനിർമിക്കുന്നതിനായി ഒരു തകർപ്പൻ നേട്ടത്തിൽ ഡോ. ഇന്ദർബിർ എസ്. ഗിൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ യൂറിൻ ബ്ലാഡർ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
മേയ് 4 ന് റൊണാൾഡ് റീഗൻ യുഎസിഎൽഎ മെഡിക്കൽ സെന്‍ററിൽ നടത്തിയ വിപ്ലവകരമായ എട്ടു മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ യുഎസിലെ കെക്ക് മെഡിസിനും യുസിഎൽഎ ഹെൽത്തും തമ്മിലുള്ള അസാധാരണമായ സഹകരണത്തിന്‍റെ ഫലമായിരുന്നു. ഈ ചരിത്രപരമായ നടപടിക്രമം യൂറോളജിക്, ട്രാൻസ്പ്ലാന്‍റ് ശസ്ത്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
ഗുരുതരമായ മൂത്രസഞ്ചി രോഗമോ മൂത്രസഞ്ചി പ്രവർത്തനം നഷ്ടപ്പെടുന്നതോ ആയ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതു സഹായകമായേക്കാം. യുഎസ് സി യൂറോളജി സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്റ്ററും യുഎസ് സിയിലെ കെക്ക് സ്കൂൾ ഒഫ് മെഡിസിനിലെ യൂറോളജി ചെയർമാനുമായ ഡോ.ഗില്ലും യുസിഎൽഎ വാസ്കുലറൈസ്ഡ് കോംപോസിറ്റ് ബ്ലാഡർ അലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാമിന്‍റെ ഡയറക്റ്റർ ഡോ. നിമ നസ്രിയും ചേർന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ക്യാൻസർ മൂലം മൂത്ര സഞ്ചിയുടെയും വൃക്കകളുടെയും ഭൂരിഭാഗവും നഷ്ടപ്പെട്ട രോഗിയായ സ്വീകർത്താവ് കഴിഞ്ഞ ഏഴു വർഷമായി ഡയാലിസിസിന് വിധേയനായിരുന്നു.സങ്കീർണത ഏറെയുണ്ടായിരുന്നിട്ടും ശസ്ത്രക്രിയ വിജയകരമായതിലും രോഗി ഇപ്പോഴും സുഖമായിരിക്കുന്നതിലും ഡോ. ഗിൽ സന്തോഷവും ആശ്വാസവും അറിയിച്ചു.
മൂത്രാശയ പ്രശ്നങ്ങൾ ഗുരുതരമായി ബാധിച്ച രോഗികൾക്കുള്ള പരിചരണത്തിന് പുനർവ്യാഖ്യാനമായി ഈ ശസ്ത്രക്രിയാ വിജയം മാറിയതായി ഡോ. നിമ നസ്രി പറഞ്ഞു.
ദീർഘ നാളായി അവ്യക്തമായിരുന്നു മൂത്രാശയം മാറ്റി വയ്ക്കൽ എന്ന ആശയം. സങ്കീർണമായ വാസ്കുലാർ ശൃംഖലയും പെൽവിസിന്‍റെ ശരീരഘടനാ സങ്കീർണതയുമാണ് അതിനു കാരണം. ഡോ.ഗില്ലും നസിരിയും വർഷങ്ങളായി അതീവ സൂക്ഷ്മതയോടെ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ വിജയമാണ് ഇത്.
മരിച്ച ദാതാക്കളിൽ നിന്നും റോബോട്ടിക് മൂത്രസഞ്ചി വീണ്ടെടുക്കലും ട്രാൻസ്പ്ലാന്‍റുകളും നോൺ-റോബോട്ടിക് ട്രയൽ സർജറികളും വിപുലമായ പ്രീ ക്ലിനിക്കൽ മോഡലിങും അവരുടെ ഗവേഷണത്തിൽ ഉൾപ്പെടുന്നു.
റോബോട്ടിക്, മിനിമലി ഇൻവേസീവ് യൂറോളജിക് സർജറിയിലെ ലോക നേതാവാണ് ഗിൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി നിരവധി മെഡിക്കൽ കണ്ടെത്തലുകളിൽ അദ്വിതീയനുമാണ് . അദ്ദേഹത്തിന്‍റെ നേതൃമികവിലാണ് യുഎസ് സി യൂറോളജി ദേശീയ റാങ്കിങിൽ ഉന്നത സ്ഥാനത്തേയ്ക്ക് ഉയർന്നത്. നവീകരണം, വിദ്യാഭ്യാസം, മികവ് എന്നിവയിൽ അന്താരാഷ്ട്ര പ്രശസ്തനാണ് ഗിൽ.
ഏതാണ്ട് 1000ത്തോളം ശാസ്ത്ര പ്രസിദ്ധീകരണങ്ങളും 50,000ത്തോളം ഉദ്ധരണികളും ഉള്ള ഡോ. ഗില്ലിന്‍റെ സ്വാധീനം വിശാലവും ആഴമേറിയതുമാണ്. 260ലധികം യൂറോളജിസ്റ്റുകളെ അദ്ദേഹം പരിശീലിപ്പിച്ചു. അതിൽ പതിനാലോളം പേർ ഇപ്പോൾ മികച്ച അക്കാദമിക് വകുപ്പുകളെ നയിക്കുന്നു. അദ്ദേഹത്തിന്‍റെ പാരമ്പര്യത്തിൽ യുഎസ് മുതൽ ഇന്ത്യ വരെ ലോകമെമ്പാടുമുള്ള ശസ്ത്രക്രിയാ നാഴികക്കല്ലുകൾ ഉൾപ്പെടുന്നു. 2017ൽ മുംബൈയിൽ നടന്ന ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റി വയ്ക്കലിന് അദ്ദേഹം നേതൃത്വം നൽകി.
ഗിൽ തന്‍റെ ആദ്യകാല മെഡിക്കൽ വിദ്യാഭ്യാസം പട്യാലയിലാണ് നടത്തിയത്. തുടർന്ന് ക്ലീവ് ലാൻഡ് ക്ലിനിക്കിലേയ്ക്കും കെന്‍റക്കി സർവകലാശാല മെഡിക്കൽ സെന്‍ററിലേയ്ക്കും അദ്ദേഹം പോയി. 2021 ൽ ഡോ. ഗിൽ യുഎസ് സിയിൽ അമെരിക്കയിലെ ആദ്യത്തെ എ ഐ സമർപ്പിത യൂറോളജി സെന്‍റർ ആരംഭിച്ചു.