നേപ്പാളിന്‍റെ നോട്ടിലെ ഇന്ത്യൻ പ്രദേശങ്ങൾ; ഉപദേഷ്ടാവ് രാജിവച്ചു CNN
World

നേപ്പാളിന്‍റെ നോട്ടിലെ ഇന്ത്യൻ പ്രദേശങ്ങൾ; ഉപദേഷ്ടാവ് രാജിവച്ചു

ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുന്ന ഭൂപടവുമായാണ് നേപ്പാൾ അടുത്തിടെ 100 രൂപ നോട്ടുകൾ പുറത്തിറക്കിയത്

VK SANJU

കാഠ്മണ്ഡു: രാജ്യത്തിന്‍റെ പുതിയ 100 രൂപ നോട്ടിൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതിനെ എതിർത്ത നേപ്പാളിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. പ്രസിഡന്‍റിന്‍റെ രാംചന്ദ്ര പൗഡേലിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ചിരഞ്ജീവി നേപ്പാളാണ് ഇന്നലെ രാജിവച്ചത്. പ്രസിഡന്‍റ് ഇത് അംഗീകരിച്ചു.

ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുന്ന ഭൂപടവുമായാണ് നേപ്പാൾ അടുത്തിടെ 100 രൂപ നോട്ടുകൾ പുറത്തിറക്കിയത്. ഇന്ത്യ ഈ നീക്കത്തെ അപലപിച്ചിരുന്നു.

സാമ്പത്തിക വിദഗ്ധനും സെൻട്രൽ ബാങ്ക് മുൻ ഗവർണറുമെന്ന നിലയ്ക്കാണ് നോട്ടിനെക്കുറിച്ചു താൻ പ്രതികരിച്ചതെന്നു ചിരഞ്ജീവി പറഞ്ഞു. ഭൂപട വിവാദത്തിൽ നയതന്ത്ര ചർച്ചകൾ നടക്കുമ്പോൾ ഇത്തരം നടപടികൾ രാജ്യത്തിനും ജനങ്ങൾക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. ചില മാധ്യമങ്ങൾ അതു വളച്ചൊടിച്ച് പ്രസിഡന്‍റിനെക്കൂടി വിവാദത്തിലാക്കി. ഈ സാഹചര്യത്തിലാണു രാജിയെന്നും ചിരഞ്ജീവി.

പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ സർക്കാരാണ് 2020 മേയിൽ മൂന്ന് ഇന്ത്യൻ പ്രദേശങ്ങളെ നേപ്പാളിന്‍റേതാക്കി ഭൂപടം പുറത്തിറക്കിയത്. പിന്നീട് ഇതു നേപ്പാൾ പാർലമെന്‍റും അംഗീകരിച്ചു. ഈ ഭൂപടമാണ് ഇപ്പോൾ 100 രൂപ നോട്ടിൽ ചേർത്തത്. നോട്ടിൽ ഭൂപടം ചേർത്തതുകൊണ്ട് സാഹചര്യമോ യാഥാർഥ്യമോ മാറില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം