സ്വന്തം ലേഖിക
അമെരിക്കൻ പ്രസിഡന്‍റ് കസേരയിലേയ്ക്ക് രണ്ടാം തവണയും ട്രംപ് അപ്രതീക്ഷിതമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ട്രംപിനു മുമ്പ് രണ്ടു തവണ അമെരിക്കൻ പ്രസിഡന്‍റ് കസേരയിൽ അഞ്ച് പേരാണ് ഇങ്ങനെ ഇരുന്നിട്ടുള്ളത്. ട്രംപിന്‍റെ ആദ്യ പ്രസിഡന്‍റ് കാലയളവ് വ്യാപാരയുദ്ധങ്ങളാലും ഒറ്റപ്പെടലിനാലും യൂറോപ്യൻ യൂണിയനോടുള്ള ആഴത്തിലുള്ള സംശയത്താലും കലുഷിതമായിരുന്നെങ്കിൽ, രണ്ടാമൂഴം റഷ്യ - യുക്രെയ്ൻ, ഇസ്രയേൽ-ഗാസ-ലബനൻ-ഇറാൻ-സിറിയ യുദ്ധങ്ങളാൽ കലുഷിതമാണ്.
ട്രംപ് അധികാരമേൽക്കാനിരിക്കെ ട്രംപിന്‍റെ ശത്രു രാജ്യങ്ങൾ കടുത്ത അസ്വസ്ഥതയിലുമാണ്. കാരണം ട്രംപിന്‍റെ പ്രവർത്തനങ്ങൾ പ്രവചനാതീതമാണ്ന്ന എന്നതു തന്നെ. ട്രംപിന്‍റെ ശത്രുക്കൾക്കു തലവേദനയാകുന്നതും ട്രംപിനെ സ്നേഹിക്കുന്ന അമെരിക്കക്കാർക്ക് ഇഷ്ടമുള്ളതും അദ്ദേഹത്തിന്‍റെ ഈ രീതിയും പ്രവർത്തനങ്ങളുമാണ്.
അടുത്ത പ്രസിഡന്‍റായി ട്രംപ് സ്ഥാനമേൽക്കുമ്പോഴേയ്ക്കും മിഡിൽ ഈസ്റ്റിൽ പുതിയൊരു അനിശ്ചിതത്വം രൂപപ്പെടും എന്നാണ് നിരീക്ഷക മതം.
ഇത്തവണത്തെ യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലടക്കം പ്രദർശിപ്പിച്ച എല്ലാ വിദേശ നയ വിഷയങ്ങളിലും സുപ്രധാനമായത്, ഗാസയിലും ലബനനിലും ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരേ ഇസ്രായേൽ നടത്തുന്ന യുദ്ധങ്ങളാണ്. അവിടെ 43,000 പലസ്തീൻകാരും 3,000 ലെബനീസ് ആളുകളും ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. 2020ൽ താൻ അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ ഈ യുദ്ധങ്ങൾ “ഒരിക്കലും സംഭവിക്കില്ലായിരുന്നു” എന്ന് ട്രംപ് ഏപ്രിലിൽ അവകാശപ്പെട്ടിരുന്നു. 2024ലെ ക്യാംപെയ്നിൽ ഉടനീളം, അക്രമം അവസാനിപ്പിക്കുമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
എന്നാൽ, പതിവു പ്രവചനാതീത സ്വഭാവം കാട്ടിക്കൊണ്ട് ഗാസയിലെ ജോലി പൂർത്തിയാക്കാൻ ഇസ്രയേലിനെ അനുവദിക്കണമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, താൻ വൈറ്റ് ഹൗസിലേയ്ക്കു മടങ്ങുമ്പോഴേയ്ക്കും ഈ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന്‍റെ സർക്കാരിൽ സമ്മർദം ചെലുത്തുന്നുമുണ്ട്. എന്നു തന്നെയല്ല, ഹിസ്ബുള്ള ആക്രമണം ഉണ്ടായപ്പോൾ എത്രയും വേഗം ഇറാന്‍റെ അണ്വായുധ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേലിനോട് ആദ്യം ആവശ്യപ്പെട്ടതും ട്രംപ് ആയിരുന്നു.
ഇതിൽ നിന്നു വ്യക്തമാകുന്നത്, വെടി നിർത്തലിനു പ്രേരണ നൽകുമ്പോഴും ഇസ്രയേലിന് അതിന്‍റെ ആക്രമണങ്ങളുമായി കൂടുതൽ മുന്നോട്ടു പോകാനുള്ള മൗനാനുവാദം നൽകും എന്നതാണ്.
ട്രംപിന്‍റെ നിരീക്ഷകരെ കുഴയ്ക്കുന്നതും അദ്ദേഹത്തിന്‍റെ ഈ സ്വഭാവമാണ്. അതു കൊണ്ടു തന്നെ ട്രംപിന്‍റെ ആദ്യ പ്രസിഡന്‍റ് ഭരണകാലയളവിൽ ഇസ്രയേലിന് അദ്ദേഹം നൽകിയ വ്യക്തമായ പിന്തുണയാണ് ഇപ്പോഴും നിരീക്ഷകരെ നയിക്കുന്നത്.
ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് യുഎസ് എംബസി മാറ്റുന്നതിലും ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകൾ ഇസ്രായേലിന്‍റെ ഭാഗമായി അംഗീകരിക്കുന്നതിലും മുൻ പ്രസിഡന്‍റോ റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ സമീപിച്ചിട്ടില്ലാത്ത നടപടികൾ അദ്ദേഹം സ്വീകരിച്ചിരുന്നു.
ഇസ്രയേലികൾക്ക് പ്രിയങ്കരനാണ് ട്രംപ്. ഇറാൻ പോലും ഇത്തവണ ഇസ്രയേലിനോടു നടത്തിയ യുദ്ധത്തിൽ അപ്പാടെ തകർന്ന അവസ്ഥയിലായതിനു കാരണം ട്രംപിന്‍റെ നിർദേശം തന്നെയാണ്.
ഇസ്ലാമിക് റിപ്പബ്ലിക്കിൽ പരമാവധി സമ്മർദം ചെലുത്തിയ പ്രചാരണമാണ് അദ്ദേഹത്തിന്‍റെ ആദ്യ ടേമിനെ നിർവചിച്ചത്. തങ്ങളുടെ ആണവ പദ്ധതിയെ മാറ്റിനിർത്തിയ കരാറിൽ നിന്ന് ട്രംപ് പിന്മാറുക മാത്രമല്ല, പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഇറാനിൽ ജനപ്രീതി നേടിയ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാനും അദ്ദേഹം ഉത്തരവിട്ടു. ട്രംപിനെ വധിച്ച് ആ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുക്കുകയും പ്രത്യക്ഷത്തിൽ ഗൂഢാലോചന നടത്തുകയും ചെയ്തു.
ഇറാന്‍റെ തകർച്ച സമ്പന്ന സുന്നി മുസ്ലിം രാജ്യങ്ങളായ ഗൾഫ് രാഷ്ട്ര സഖ്യ കക്ഷികളെ മുമ്പ് ആനന്ദിപ്പിച്ചിരുന്നു എങ്കിലും ഇപ്പോഴത് ട്രംപിന് അനുകൂലമല്ല എന്നാണ് അബ്രഹാം അക്കോർഡ്സിന്‍റെ പരാജയം എടുത്തു കാട്ടുന്നത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ആക്രമണങ്ങൾ പ്രാദേശികമായ വൻ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് ഒരിക്കൽ അബ്രഹാം അക്കോർഡ്സ് ഒപ്പിട്ട ഗൾഫ് രാഷ്ട്ര സഖ്യകക്ഷികൾ ഇപ്പോൾ പറയുന്നത്.
ട്രംപിന്‍റെ ആദ്യ ടേമിലെ വിദേശ നയനേട്ടങ്ങളിൽ മുഖ്യമായിരുന്നു ഇസ്രയേലും അതിന്‍റെ ചില അറബ് അയൽക്കാരും തമ്മിലുള്ള സൗഹൃദ ഉടമ്പടിയായ അബ്രഹാം അക്കോർഡ്സ്.എന്നാൽ അടുത്ത കാലത്തുണ്ടായ ഹമാസ്-ഹിസ്ബുള്ള യുദ്ധം ആ ഉടമ്പടിയ്ക്ക് ഭംഗം വരുത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്.