ധാക്ക: ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ ഹിന്ദു സന്ന്യാസിമാർക്ക് ഇസ്കോണിന്‍റെ മുന്നറിയിപ്പ്. ഹിന്ദുക്കളാണെന്ന് വ്യക്തമാക്കുന്ന എല്ലാ അടയാളങ്ങളും ഒഴിവാക്കാനാണ് നിർദേശം. ഇന്ത്യയിലെ മുതിർന്ന ഇസ്കോൺ അനുയായിയായ രാധാരമൺ ദാസാണ് ബംഗ്ലാദേശിലെ ഹിന്ദു സന്ന്യാസികൾക്ക് നിർദേശം നൽകിയത്. പ്രത്യേകിച്ച് ഇസ്കോൺ സന്ന്യാസികൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇസ്‌കോൺ സന്യാസിമാർ ഉപയോഗിക്കുന്ന കാവിയോ വെള്ളയോ നിറമുള്ള വസ്ത്രമോ ധരിക്കരുത്, കഴുത്തിൽ അണിയുന്ന രുദ്രാക്ഷമാലകൾ മറയ്ക്കുക, നെറ്റിയിൽ ചാർത്തുന്ന ചന്ദനംകൊണ്ടുള്ള തിലകം ഒഴിവാക്കുക, മുണ്ഡനം ചെയ്ത തല മറയ്ക്കാൻ തൊപ്പികൾ ധരിക്കുക, സന്ന്യാസിമാർ പൊതു സ്ഥലങ്ങളിൾ ഉപയോഗിക്കുന്ന ജപമാലകൾ ഒഴിവാക്കുക, അനാവശ്യമായ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് നിർദേശത്തിലുള്ളത്.
ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്ന സഹചര്യത്തിലാണ് മുന്നറിയിപ്പ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന ആശങ്കയാണ് ഇതിലൂടെ പുറത്തു വരുന്നത്. നിരവധി ഹിന്ദുക്കൾ ഇതിനോടകം തന്നെ നിരവധി ആക്രണമങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരകളായിട്ടുണ്ടെന്നാണ് പരാതി.