ന്യൂയോര്‍ക്ക്: ഹിസ്ബുള്ള ഭീകര സംഘടനയുടെ പ്രവർത്തകരെ ലക്ഷ്യമിട്ട് ലെബനനിൽ പേജർ സ്ഫോടനം നടത്തിയ സംഭവത്തിൽ ഉൾപ്പെട്ടു എന്നു കരുതപ്പെടുന്ന വയനാട് സ്വദേശിയെ സംരക്ഷിക്കുന്നത് ഇസ്രയേലാണെന്ന് യുഎസ് ദിനപത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സെപ്റ്റംബർ 17നാണ് ഹിസ്ബുള്ളയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ കാരണമായ പേജര്‍ സ്ഫോടനമുണ്ടായത്.
മലയാളിയായ റിന്‍സണ്‍ ജോസിന്‍റെ പേര് ഇതിനു പിന്നാലെ പല മാധ്യമ റിപ്പോർട്ടുകളിലും പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തിനു ശേഷം റിൻസൺ എവിടെയാണെന്ന കാര്യം നിഗൂഢമായി തുടരുകയാണ്. സ്ഫോടനം നടക്കുമ്പോൾ യുഎസിലായിരുന്ന റിൻസണെ ഇസ്രയേലാണ് അവിടെനിന്നു മാറ്റിയതെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ കണ്ടെത്തൽ. ഇപ്പോൾ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദിനപത്രം റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പത്ത് വർഷം മുൻപാണ് റിൻസൺ വയനാട്ടില്‍നിന്ന് നോർവേയിലേക്ക് കുടിയേറുന്നത്. അവിടത്തെ പൗരത്വവും നേടി. ഒരു വർഷം മുൻപ് റിൻസൺ നാട്ടിൽ വന്നുപോയിരുന്നു എന്നാണ് വിവരം.
ഇസ്രയേലിന്‍റെ ചാര സംഘടനയായ മൊസാദിന്‍റെ നിരീക്ഷണത്തിൽനിന്നു രക്ഷപെടാൻ മൊബൈൽ ഫോണുകൾ ഒഴിവാക്കിയ ഹിസ്ബുള്ള സംഘടന, ആശയവിനിമയത്തിനു പ്രധാനമായും ഉപയോഗിച്ച് വന്നത് മെസേജിങ് ഉപകരണമായ പേജറുകളെയായിരുന്നു. ഇതു മനസിലാക്കിയാണ് പേജർ ശൃംഖലയിൽ സ്ഫോടന പരമ്പരകൾ തന്നെ നടത്താൻ ഇസ്രയേൽ പദ്ധതിയിട്ടതെന്നും, ഇതിൽ റിൻസൺ സഹായം നൽകിയിട്ടുണ്ടെന്നുമാണ് സംശയം.
ഷെല്‍ കമ്പനികളുടെ മറവിലാണ് ഹിസ്ബുള്ളയ്ക്ക് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച പേജറുകൾ നൽകിയത്. മുന്‍നിര പേജര്‍ കമ്പനിയായ തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന ബ്രാൻഡ് ഇതിനായി ഉപയോഗിച്ചു. എന്നാൽ, ആയുധം എന്ന നിലയിൽ ഉപയോഗിക്കാനുള്ള പേജറുകൾ നിർമിച്ചതാകട്ടെ, ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായ ബിഎസി കൺസൾട്ടിങ്, ബൾഗേറിയയിലെ സോഫിയയിൽ പ്രവർത്തിച്ചിരുന്ന നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്നീ കമ്പനികളെ ഉപയോഗപ്പെടുത്തിയതാണ്. ഇതിൽ നോർട്ട ഗ്ലോബൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് റിന്‍സണ്‍ ജോസിന്‍റെ പേരിലായിരുന്നു.
ഗോൾഡ് അപ്പോളോയിൽനിന്ന് പേജർ നിർമാണ് ലൈസൻസ് സ്വന്തമാക്കുകയാണ് ബിഎസി കണ്‍സല്‍ട്ടിങ് ചെയ്തത്. മൊസാദിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇസ്രയേലിലാണ് ഇവ നിർമിച്ചതെന്നും കരുതപ്പെടുന്നു.
മൊസാദ് ഏര്‍പ്പാടാക്കിയ ഇടനിലക്കാരും ഏജന്‍റുമാരുമാണ് പുതിയ മോഡൽ പേജറുകളുടെ പ്രത്യേകതകൾ പറഞ്ഞ് ഹിസ്ബുള്ളയുമായി കരാർ ഉറപ്പിച്ചതെന്നും കരുതുന്നു. ഈ ഇടപാടിലാണ് റിന്‍സന്‍റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനിയുടെ ഇടപെടൽ സംശയിക്കുന്നത്.