ഗാസ സിറ്റി ഇസ്രയേൽ ഏറ്റെടുക്കും; നെതന്യാഹുവിന്‍റെ പദ്ധതിക്ക് അംഗീകാരം
ടെൽ അവീവ്: ഗാസ മുനമ്പിന്‍റെ വടക്കൻ മേഖലയിലെ ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭയുടെ അംഗീകാരം. ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ, ഇസ്രേലി നടപടി യുദ്ധക്കുറ്റമാണെന്നും വലിയ വില കൊടുക്കേണ്ടിവരുമെന്നും ഹമാസ് പ്രതികരിച്ചു.
ഒക്റ്റോബർ ഏഴിനുള്ളിൽ ഗാസ സിറ്റി പൂർണമായും ഒഴിപ്പിക്കാനാണ് ഇസ്രയേലിന്‍റെ തീരുമാനം. ഇതിനു മുന്നോടിയായി സിറ്റിയിലേക്കുള്ള മാനുഷിക സഹായങ്ങൾ നിർത്തിവയ്ക്കും. ഇതോടെ, നിലവിൽ നഗരത്തിലുള്ള പലസ്തീനികൾ പലായനത്തിനു നിർബന്ധിതരാകും. തുടർന്നാകും സിറ്റി നിയന്ത്രണത്തിലാക്കുക.
യുദ്ധ മേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുമെന്ന് ഏറ്റെടുക്കൽ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നെതന്യാഹുവിന്‍റെ ഓഫിസ് അറിയിച്ചു. ഗാസയുടെ പൂർണ സൈനിക നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നതായി നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസ ഭരിക്കാൻ ഉദ്ദേശ്യമില്ലെന്നും സുരക്ഷാ മേഖലയാണ് ലക്ഷ്യമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.
അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾ ഇസ്രയേൽ മുന്നോട്ടുവച്ചു. ഹമാസിനെ നിരായുധീകരിക്കുക, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ സൈനികവത്കരണം ഇല്ലാതാക്കുക, ഇസ്രയേൽ സുരക്ഷാ നിയന്ത്രണം ഉറപ്പാക്കുക, ഹമാസോ അഥോറിറ്റിയോ ഇല്ലാത്ത ഒരു ഭരണകൂടം സ്ഥാപിക്കുക എന്നിവയാണ് ഉപാധികൾ. ഇസ്രയേൽ കടുത്ത നിലപാടിലേക്കു നീങ്ങുന്നതിനാൽ അവർക്ക് ആയുധങ്ങൾ നൽകുന്നതു നിർത്തിവയ്ക്കുകയാണെന്ന് ജർമനി പ്രഖ്യാപിച്ചു.