സ്റ്റീവ് വിറ്റ് കോഫ്
filephoto
അറുപതു ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയത്തിന്‍റെ 460 കിലോഗ്രാം തങ്ങളുടെ കൈവശമുണ്ടെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ ആണവായുധങ്ങൾ നിർമിക്കാൻ ഇത് മതിയെന്നും ഇറാൻ അവകാശപ്പെട്ടു. ഒരു ആണവ ബോംബ് നിർമിക്കാനാവശ്യമായ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങളുടെ കൈവശമുണ്ടെന്ന് ഇറാനിയൻ ടീം യുഎസിനോട് പറഞ്ഞതായി ട്രംപ് ഭരണകൂടത്തിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് ഒരു മാധ്യമത്തോടു പറഞ്ഞു.
60ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയത്തിന്‍റെ 460 കിലോഗ്രാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍റെ വക്താക്കൾ വിറ്റ്കോഫിനോടും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകൻ ജാരെദ് കുഷ്നറിനോടും നേരിട്ടു പറഞ്ഞതായും റിപ്പോർട്ടുണ്ട്. കൂടാതെ ആണവ ബോംബുകൾ നിർമിക്കുന്നതിന് അത് 90ശതമാനമാക്കാൻ അതിവേഗം കഴിയുമായിരുന്നു എന്നും വിറ്റ്കോഫ് പറഞ്ഞു.
വെറും ഒരാഴ്ചയ്ക്കുള്ളിൽ 90 ശതമാനം ആയുധ ഗ്രേഡിലേയ്ക്ക് ഈ 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയം കൂടുതൽ സമ്പുഷ്ടമാക്കാൻ കഴിയുമെന്നതാണ് ഇറാനിൽ നിന്നുള്ള മറ്റൊരു ഭീഷണിയെന്നും വിറ്റ്കോഫ് പറഞ്ഞു. 20 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയം പോലും മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ ആയുധ ഗ്രേഡിലെത്തുമെന്നിരിക്കെ ഇറാന്‍റെ കയ്യിലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ലോകത്തിനെമ്പാടും ഭീഷണിയാണെന്നാണ് യുഎസിന്‍റെ വിലയിരുത്തൽ.
ഈ സാഹചര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഇറാനിൽ ഏകദേശം 10,000 കിലോഗ്രാം ഫിഷനബിൾ യുറേനിയം ഉണ്ടെന്നും ഇത് ഏകദേശം 460 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച വസ്തുക്കളായും 1000 കിലോഗ്രാം 20ശതമാനം സമ്പുഷ്ടമായ വസ്തുക്കളായും ബാക്കി 3.67 ശതമാനം ആയും വിഘടിപ്പിക്കപ്പെടുന്നു എന്നും വിറ്റ്കോഫ് റിപ്പോർട്ട് ചെയ്തു. എന്നാൽ മെറ്റീരിയൽ സമ്പുഷ്ടമാക്കാൻ ഇറാൻ സ്വന്തമായി സെൻട്രിഫ്യൂജുകൾ നിർമിക്കുന്നതിനാൽ അവയെ തടയാൻ ഒരു മാർഗവുമില്ലെന്നും വിറ്റ്കോഫ് കൂട്ടിച്ചേർത്തു.