യുറേനിയം വ്യാപാരക്കരാറിൽ ഒപ്പു വച്ച് ഇന്ത്യയും ഓസ്ട്രേലിയയും
മെൽബൺ: ഇന്ത്യയുടെ ദീർഘകാല ആണവോർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക വഴിത്തിരിവാകുന്ന ചരിത്രപരമായ വ്യാപാരക്കരാറിൽ ഒപ്പു വച്ച് ഇന്ത്യയും ഓസ്ട്രേലിയയും. കരാറിന്‍റെ ഭാഗമായി ഇന്ത്യയുടെ സിവിൽ ആണവ പദ്ധതികൾക്കായി ഓസ്ട്രേലിയ ഇനി യുറേനിയം കൈമാറും.
മെൽബണിൽ വച്ചു നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഓസ്ട്രേലിയയിൽ നിന്നുള്ള യുറേനിയം വിതരണം ഇന്ത്യയുടെ ഊർജ ലക്ഷ്യങ്ങൾക്ക് വലിയ കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയുടെ (IAEA) കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഈ യുറേനിയം ഉപയോഗിക്കുകയെന്ന് ഇരു രാജ്യങ്ങളും ഉറപ്പു നൽകി.
2047 ഓടെ രാജ്യത്തെ ആണവോർജ ഉൽപാദനം നിലവിലുള്ള എട്ടു ജിഗാവാട്ടിൽ നിന്നു 100 ജിഗാവാട്ട് ആയി ഉയർത്തുക എന്ന വലിയ സ്വപ്നപദ്ധതിക്കാണ് ഈ കരാറിലൂടെ അടിത്തറയിടുന്നത്. നിലവിൽ കസാഖിസ്ഥാൻ, ക്യാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ യുറേനിയം പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
ലോകത്തിലെ മൊത്തം യുറേനിയം ശേഖരത്തിന്‍റെ 28 ശതമാനത്തോളം കൈവശമുള്ള ഓസ്ട്രേലിയയെക്കൂടി വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലൂടെ വിതരണ ശൃംഖല കൂടുതൽ ഭദ്രമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ആഭ്യന്തരമായി ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ യുറേനിയം നിക്ഷേപമുണ്ടെങ്കിലും അവ ഗുണനിലവാരം കുറഞ്ഞതും ഖനനച്ചെലവ് കൂടിയതുമായതിനാലാണ് ഇന്ത്യ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത്.
സോളാർ, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകളെപ്പോലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കാതെ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതിനൽകാൻ ആണവ നിലയങ്ങൾക്ക് സാധിക്കും. വർധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനൊപ്പം 2070 ഓടെ സീറോ കാർബൺ ബഹിർനിർഗമനം എന്ന പരിസ്ഥിതി സൗഹൃദ ലക്ഷ്യം കൈവരിക്കാനും ഈ സഹകരണം സഹായിക്കും.
ഇതിനു പുറമേ ഭാവിയിൽ ഇന്ത്യയുടെ സ്വന്തം തോറിയം നിക്ഷേപങ്ങൾ ഉപയോഗിച്ചുള്ള ആണവോർജ ഉൽപാദന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും യുറേനിയത്തിന്‍റെ ലഭ്യത അത്യന്താപേക്ഷിതമാണ്.