മോദിക്ക് ജന്മദിനാശംസകളുമായി ട്രംപിന്‍റെ ഫോൺ കോൾ
getty images
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫോൺ കാൾ. ഇന്ത്യക്കെതിരെ അമെരിക്ക പ്രഖ്യാപിച്ച തിരിച്ചടി തീരുവയെ തുടർന്ന് ബന്ധം ഉലഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഫോൺ സന്ദേശം എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചതായി ട്രംപ് തന്‍റെ സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. തന്‍റെ 75ാം ജന്മദിനത്തിൽ ആശംസ അറിയിച്ച ട്രംപിനു നന്ദി പറഞ്ഞു കൊണ്ട് മോദി ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മോദിയുടെ പിന്തുണയ്ക്ക് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ നന്ദിയും പറഞ്ഞിട്ടുണ്ട്.
ആശംസകൾക്കു നന്ദി പറഞ്ഞു കൊണ്ടുള്ള മറുപടിയിൽ എന്‍റെ ജന്മദിനത്തിൽ ഫോണിൽ വിളിച്ചതിനും ആശംസകൾ അറിയിച്ചതിനും നന്ദിയെന്നും യുക്രെയ്ൻ സംഘർഷത്തിന്‍റെ സമാധാനപരമായ പരിഹാരത്തിനായുള്ള അമെരിക്കൻ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും മോദി പറഞ്ഞു.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനുളള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. നികുതി വർധനവിനു ശേഷം ആദ്യമായി ഇന്ത്യ- യുഎസ് വ്യാപാര ചർച്ച ഇന്നലെയാണ് പുനരാരംഭിച്ചത്. ഈ ചർച്ച ശുഭകരമെന്നാണ് ഇരു വിഭാഗവും പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് മോദിയുമായുള്ള ട്രംപിന്‍റെ സൗഹൃദ സംഭാഷണം എന്നത് ശ്രദ്ധേയമാണ്.