വേലുപ്പിള്ള പ്രഭാകരൻ.
വേലുപ്പിള്ള പ്രഭാകരൻ. 
World

പുലിത്തലവൻ പ്രഭാകരൻ ജീവനോടെയുണ്ടോ?

V.K. SANJU

ശ്രീലങ്കയിൽ എൽടിടിഎയെ തുടച്ചുനീക്കുന്നതിനുള്ള സൈനിക നടപടി അവസാനിച്ചത് പുലിത്തലവൻ വേലുപ്പിള്ള പ്രഭാകരനെയും കുടുംബത്തെയും ഉന്മൂലനം ചെയ്തുകൊണ്ടായിരുന്നു എന്നാണ് ശ്രീലങ്കൻ സർക്കാരിന്‍റെ ഔദ്യോഗിക ഭാഷ്യം. സർക്കാർ വിശദീകരണം അനുസരിച്ച് 2009 മേയ് 18ന് സൈന്യം പ്രഭാകരനെ വെടിവച്ചുകൊന്നു.

മകളുടെ പ്രസംഗം കാത്ത് അനുയായികൾ

ദ്വാരക പ്രഭാകരൻ | Duvaraga Prabhakaran

പ്രഭാകരന്‍റെ മരണത്തിന്‍റെ വിശദാംശങ്ങളോ അതു സംബന്ധിച്ച് ഔദ്യോഗിക രേഖകളോ ലങ്കൻ സർക്കാർ ഇതുവരെ പൂർണമായി പുറത്തുവിട്ടിട്ടില്ല. പ്രഭാകരന്‍റെ കൊല്ലപ്പെട്ടു എന്നു സ്ഥിരീകരിച്ചത് മൃതദേഹ അവശിഷ്ടങ്ങൾ ഉപയോഗിച്ചു നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണെന്ന ഔദ്യോഗിക ഭാഷ്യം വിശ്വസിക്കാൻ തമിഴ് ദേശീയതയുടെ അനുയായികൾ പലരും ഇന്നും തയാറല്ല.

ഭാര്യ മതിവദനിക്കും മകൻ ബാലചന്ദ്രനുമൊപ്പം പ്രഭാകരൻ.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് പ്രഭാകരന്‍റെ മകൾ ദ്വാരകയുടെ പ്രസംഗം ഉടൻ പുറത്തുവരുമെന്ന റിപ്പോർട്ടുകൾ. ദ്വാരകയും പ്രഭാകരന്‍റെ മകൻ ബാലചന്ദ്രനുമെല്ലാം പ്രഭാകരനൊപ്പം കൊല്ലപ്പെട്ടു എന്നാണ് ശ്രീലങ്കൻ സർക്കാർ പറയുന്നത്. ദ്വാരകയുടെ പ്രസംഗം യഥാർഥത്തിൽ പുറത്തുവന്നാൽ, അത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സങ്കേതം ഉപയോഗിച്ച് തയാറാക്കിയതായിരിക്കുമെന്നും ശ്രീലങ്കൻ അധികൃതർ പറയുന്നു.

നെടുമാരൻ തുടങ്ങിവച്ച പ്രചരണം

പി. നെടുമാരൻ

പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹത്തോടും എൽടിടിയോടും അടുപ്പമുണ്ടായിരുന്ന തമിഴ്നാട്ടിലെ രാഷ്‌ട്രീയ നേതാവ് പി. നെടുമാരനാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസ്താവന ഇറക്കിയതു മുതലാണ് അങ്ങനെയൊരു കഥയ്ക്ക് ശക്തിയാർജിക്കുന്നത്. ഇതിനു പിന്നാലെ, ഞായറാഴ്ച തമിഴ്‌നാട്ടിലെ എംഡിഎംകെ നേതാവ് വി. ഗോപാലസ്വാമി എന്ന വൈകോയും സമാന പ്രസ്താവന നടത്തി.

വൈകോ

പ്രഭാകരന്‍റെ ജന്മദിനമായ ഞായറാഴ്ച വൈകോയും സംഘവും കേക്ക് മുറിച്ച് ആഘോഷവും നടത്തിയിരുന്നു. പ്രഭാകരൻ വിദേശ രാജ്യത്ത് ആരോഗ്യവാനായി ജീവിച്ചിരിക്കുന്നുണ്ടെന്നും, ഉചിതമായ സമയത്ത് പുറത്തുവരുമെന്നുമായിരുന്നു നെടുമാരന്‍റെ പ്രസ്താവന. പ്രഭാകരനുമായി അടുത്തു പ്രവർത്തിച്ചിരുന്ന കാശി ആനന്ദനും സമാന പ്രസ്താവന നടത്തിയിരുന്നു. നെടുമാരനെയും ആനന്ദനെയും പോലുള്ള നേതാക്കൾ കളവ് പറയില്ലെന്നാണ്, പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്ന വാദത്തിന് പിൻബലമായി വൈകോ നിരത്തുന്ന ന്യായം.

വില്ലനായി മാറിയ ഹീറോ

Veluppillai Prabhakaran

ശ്രീലങ്കയിൽ ഭൂരിപക്ഷമായ സിംഹളരിൽനിന്ന് തമിഴ് വംശജർ കടുത്ത വിവേചനം നേരിടുന്നു എന്നാരോപിച്ചാണ് പ്രഭാകരൻ എൽടിടിഇ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) എന്ന പ്രസ്ഥാനം രൂപീകരിക്കുന്നത്. ഗറില്ലാ യുദ്ധ തന്ത്രങ്ങൾ സ്വീകരിച്ച് രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ സ്വന്തമായ സാമ്രാജ്യം തന്നെ പ്രഭാകരൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. തമിഴ് വംശജർക്കിടയിൽ വീര പരിവേഷമാണ് പ്രഭാകരന് ഉണ്ടായിരുന്നത്.

തമിഴ്‌നാടുമായുള്ള രക്തബന്ധം കാരണം ശ്രീലങ്കൻ തമിഴരോടും ഇന്ത്യയിൽ പൊതുവേ അനുകൂല സമീപനമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ഇടപെട്ടത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എൽടിടിഇയുടെ ഹിറ്റ് ലിസ്റ്റിലാക്കി. ഒടുവിൽ രാജീവിനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തുന്നതു വരെ ആ വൈരം എത്തുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യയിലും എൽടിടിഇക്കെതിരായ വികാരം ശക്തമായത്.

തീവ്രവാദികൾക്ക് അഭയം ക്യാനഡ

പ്രഭാകരന്‍റെ മകൾ ദ്വാരകയുടെ, മലേഷ്യയിൽ കണ്ടെത്തിയ അംഗരക്ഷക.

നിലവിൽ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിരോധിത ഭീകര സംഘടനകളുടെ പട്ടികയിലാണ് എൽടിടിഇയുടെ സ്ഥാനം. ശ്രീലങ്കയിൽ എൽടിടിയുടെ പ്രവർത്തനം സജീവമായിരിക്കുമ്പോൾ തന്നെ യുകെയിലും ക്യാനഡയിലും അവർക്ക് കേന്ദ്രങ്ങളുണ്ടായിരുന്നു. വിദേശ സഹായം ലഭ്യമാക്കിയിരുന്നതും മറ്റും ഇവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന നേതാക്കളാണ്.

ഇതുകൂടാതെ, എൽടിടിഇയുടെ പരാജയം ഉറപ്പായതോടെയും ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷവുമായി നിരവധി എൽടിടിഇ പ്രവർത്തകരും നേതാക്കളും മലേഷ്യയിലേക്കു പലായനം ചെയ്തിരുന്നു. പലരും അവിടെനിന്ന് യുകെയിലേക്കും ക്യാനഡയിലേക്കും പോയി. പ്രഭാകരന്‍റെ മകൾ ദ്വാരകയുടെ അംഗരക്ഷകയായിരുന്ന ഒരു പെൺകുട്ടിയെയും ഇത്തരത്തിൽ മലേഷ്യയിൽ കണ്ടെത്തിയിരുന്നു. പ്രഭാകരൻ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു ശേഷം ശ്രീലങ്കൻ അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ പെൺകുട്ടിക്ക് എങ്ങനെ മലേഷ്യയിലേക്കു കടക്കാൻ സാധിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

നവകേരള ബസിന്‍റെ ബംഗളൂരു സർവീസ് വിജയം: കെഎസ്ആർടിസി

‌ കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡിയുടെ കുറ്റപത്രം

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ബ്രിട്ടാസ് ഇടപെട്ടെന്ന് മാധ്യമ പ്രവർത്തകൻ

അവിഹിതം ചോദ്യം ചെയ്ത 16കാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കു കാമുകനും ജീവപര്യന്തം തടവ്

വേനൽ മഴ ഇനിയും കനക്കും