2014 ജൂലൈ 17ന് 298 പേരുടെ മരണത്തിന് ഇടയാക്കിയ മലേഷ്യൻഎയർലൈൻസിന്‍റെ എംഎച്ച് 17 യാത്രാ വിമാനം മിസൈലേറ്റ് യുക്രെയ്നിൽ തകർന്നു വീണപ്പോൾ
file photo
മെൽബൺ: മലേഷ്യൻ വിമാനം തകർന്ന് 298 പേരുടെ മരണത്തിന് ഇടയാക്കിയതിന് ഉത്തരവാദി റഷ്യയെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ ആരോപണം. 2014 ജൂലൈ 17നാണ് മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച് 17 യാത്രാ വിമാനം മിസൈലേറ്റ് യുക്രെയ്നിൽ തകർന്നു വീണ് 298 പേർ മരിച്ചത്. ഈ ദുരന്തത്തിന് ഉത്തരവാദി റഷ്യയാണെന്ന് രാജ്യാന്തര വ്യോമ ഗതാഗത സംഘടനയുടെ സമിതി(ഐസിഎഒ കൗൺസിൽ) കണ്ടെത്തി.
ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേയ്ക്കു പോയ വിമാനം തകർന്നത് റഷ്യയുടെ ബക് മിസൈലേറ്റാണ് എന്ന് ഡച്ച്- ഓസ്ട്രേലിയൻ അന്വേഷണ സമിതി 2016ൽ കണ്ടെത്തിയിരുന്നു. എന്നാൽ, റഷ്യ ഇതു നിഷേധിച്ചു.
റഷ്യ അന്താരാഷ്ട്ര വ്യോമ നിയമങ്ങൾ ലംഘിച്ചതായി യുഎന്നിന്‍റെ ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ(ഐസിഎഒ) കൗൺസിൽ തിങ്കളാഴ്ച വ്യക്തമാക്കി.
പറക്കലിനിടെ സിവിൽ വിമാനങ്ങൾക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കരുത് എന്ന അന്താരാഷ്ട്ര നിയമം പാലിക്കുന്നതിൽ റഷ്യ പരാജയപ്പെട്ടു എന്നാണ് വിധി. ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് പോകുകയായിരുന്ന വിമാനം യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ അനുകൂല വിമതരും യുക്രെയ്ൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ തകർക്കപ്പെട്ടു.
വിമാനത്തിൽ ഉണ്ടായിരുന്ന 298 പേരിൽ 196 പേർ നെതർലൻഡ്സ് പൗരന്മാരായിരുന്നു. 38 പേർ ഓസ്ട്രേലിയയിൽ നിന്നും 10 പേർ ബ്രിട്ടനിൽ നിന്നുമുള്ളവർ ആയിരുന്നു. ബെൽജിയം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ യാത്രക്കാരിൽ ഉൾപ്പെട്ടിരുന്നു.