വാഷിങ്ടണിലെ വെടിവയ്പ്:ട്രംപിന്‍റെ ക്ഷേമമന്വേഷിച്ച് ചാൾസ് രാജാവ്
file photo
ലണ്ടൻ/വാഷിങ്ടൺ: ഈ ആഴ്ച നടക്കാനിരിക്കുന്ന ചാൾസ് രാജാവിന്‍റെ യുഎസ് സന്ദർശനത്തിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ പുന: പരിശോധിക്കാൻ യുഎസും യുകെയും തീരുമാനിച്ചു. കഴിഞ്ഞ ദിവസം വാഷിങ്ടൺ ഡിസിയിൽ ഉണ്ടായ വെടി വയ്പിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
സുരക്ഷാ പദ്ധതികളെ കുറിച്ച് ഇരു രാജ്യങ്ങളും ഇന്ന് വിശദമായ ചർച്ചകൾ നടത്തുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചതായി ബ്രിട്ടന്‍റെ പിഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസിലെ സംഭവ വികാസങ്ങൾ ചാൾസ് രാജാവ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും മറ്റ് അതിഥികളും സുരക്ഷിതരാണെന്ന വാർത്തയിൽ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചതായി കൊട്ടാരം വക്താവ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾ രാജാവിന്‍റെ സന്ദർശനത്തെ എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും.
സംഭവത്തിനു പിന്നാലെ ചാൾസ് രാജാവ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും മെലാനിയയെയും വ്യക്തിപരമായി വിളിച്ചു ക്ഷേമാന്വേഷണം നടത്തിയതായാണ് വിവരം.രാജാവിന്‍റെ സന്ദർശനത്തിനു മുന്നോടിയായി വാഷിങ്ടണിൽ സുരക്ഷ അതീവ കർശനമാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ പുറത്തു വരുന്ന സുരക്ഷാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും സന്ദർശനത്തിന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.