ഇന്ത്യയ്ക്കെതിരെയുള്ള നവാരോയുടെ വാദം പൊളിച്ച് എക്സ്
file photo
വാഷിംഗ്ടൺ:ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭത്തിനു വേണ്ടി മാത്രമാണെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻ കാരെ കൊല്ലുന്നതെന്നും നവാരോ എക്സിൽ വിമർശിച്ചിരുന്നു. എന്നാൽ നവാരോയുടെ ഈ പ്രസ്താവനയ്ക്കു താഴെ വാദം പൊളിച്ചു കൊണ്ടുള്ള ഫീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇതോടെ നവാരോ വെട്ടിലായി.
" ഇന്ത്യയ്ക്കെതിരായ കൂടിയ തീരുവയ്ക്ക് വിലയായി നൽകേണ്ടി വരുന്നത് അമെരിക്കക്കാരുടെ തൊഴിലാണ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിക്കുന്നത് ലാഭമുണ്ടാക്കാനാണ്. ഇത് യുദ്ധതന്ത്രങ്ങൾക്കായാണ് റഷ്യ ഉപയോഗിക്കുന്നത്. യുക്രെയ്ൻ കാരും റഷ്യക്കാരും കൊല്ലപ്പെടുന്നു. യുഎസ് നികുതിദായകർ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നു. ഇന്ത്യയ്ക്ക് സത്യം മൂടി വയ്ക്കാനോ കെട്ടുകഥ ചമയ്ക്കാനോ സാധിക്കില്ല" എന്നിങ്ങനെയായിരുന്നു നവാരോയുടെ കുറിപ്പ്.
നവാരോയുടെ ഈ ട്വീറ്റിനു താഴെ അദ്ദേഹത്തിന്‍റെ വാദങ്ങൾ പൊളിക്കുന്ന എക്സ് ഫീച്ചർ പ്രത്യക്ഷപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടി ലാഭത്തിനു വേണ്ടി മാത്രമുള്ളതല്ല, ഊർജസുരക്ഷ ഉറപ്പാക്കാൻ വേണ്ടിക്കൂടിയാണെന്നും ഇന്ത്യയ്ക്ക് തീരുവയുണ്ടെങ്കിലും സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്കെതിരെ യുഎസിനാണ് വ്യാപാര സർപ്ലസ് ഉള്ളതെന്നും യുഎസ് ഇപ്പോഴും റഷ്യയിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെന്നും അതു കൊണ്ടു തന്നെ യുഎസിന്‍റെ ഈ നയം ഇരട്ടത്താപ്പാണെന്നും എക്സ് നൽകിയ മറുപടി ഫീച്ചറിൽ പറയുന്നു.
ട്രംപിന്‍റെ തീരുവയുദ്ധത്തെ തുടർന്ന് അതിനു വഴങ്ങാത്ത ഇന്ത്യയ്ക്കെതിരെ നവാരോ തുടർച്ചയായി ആക്രമണം നടത്തിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ വിവാദം. ഇപ്പോൾ മസ്കിനെതിരെ ആശയ യുദ്ധത്തിലാണ് നവാരോ.