ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താനർഹനാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നൊബേലിന് തന്നേക്കാൾ അർഹനായ മറ്റാരാളെയും ചരിത്രത്തിൽ കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ പറഞ്ഞു. ട്രംപിനെ ഇഷ്ടപ്പെടുന്നവരുണ്ടാകാം ഇഷ്ടമില്ലാത്തവരുണ്ടാകാം, പക്ഷേ ഞാൻ 8 വലിയ യുദ്ധങ്ങളാണ് അവസാനിപ്പിച്ചത്. 36 കൊല്ലം മുൻപ് ആരംഭിച്ച യുദ്ധം മുതൽ ആരംഭത്തിലുണ്ടായിരുന്ന ഇന്ത്യ-പാക് പ്രശ്നം വരെ പരിഹരിച്ചുവെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് ട്രംപ് ഇന്ത്യ-പാക് പ്രശ്നം പരിഹരിച്ചതിന്‍റെ മധ്യസ്ഥനാണെന്ന് ആവർത്തിക്കുന്നത്.
യുഎസ് മുൻ പ്രസിഡന്‍റ് ബറാക് ഒബാമയെ രൂക്ഷമായി വിമർശിക്കാനും ട്രംപ് മടിച്ചില്ല. ഒബാമ നൊബേൽ കിട്ടാൻ മാത്രം ഒന്നും ചെയ്തിട്ടില്ല. എന്തിനാണ് നൊബേൽ കിട്ടിയത് ഒബാമയ്ക്ക് ഇപ്പോഴും യാതൊരു ധാരണയുമില്ല. എന്തിനാണയാൾക്ക് നൊബേൽ കൊടുത്തത്.
ഒബാമ ഒരു മോശം പ്രസിഡന്‍റായിരുന്നുവെന്നും ട്രംപ് വിമർശിച്ചു. കഴിഞ്ഞ പത്തു വർഷമായി താൻ അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത രണ്ട് യുദ്ധങ്ങളാണ് ട്രംപ് അവസാനിപ്പിച്ചതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെടുന്നുണ്ട്.