തുർക്കിയിൽ 6.1 തീവ്രതയിൽ വന്‍ ഭൂചലനം; ഒരു മരണം, 29 പേർക്ക് പരുക്ക്
അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തിയതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. പതിനാറോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഇതുവരെ ഒരാൾ മരിച്ചതായും 29 പേർക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു.
ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഈ ഭൂചലനത്തിനു മിനിറ്റുകൾക്കു ശേഷം 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായും റിപ്പോർട്ടുണ്ട്.
മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ തെരച്ചിലിൽ കണ്ടെത്താന്‍ സാധിക്കാത്തതിനാൽ നിലവിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു. 2023 ഫെബ്രുവരിയിൽ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ അമ്പതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.