ചാൾസ് കഷ്നർ, ഇമ്മാനുവൽ മക്രോൺ

 

getty images

World

ജൂതവിരോധം, ഫ്രഞ്ച് സർക്കാരിനെ വിമർശിച്ചു: യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ഫ്രാൻസ്

യുഎസ് നയതന്ത്ര മര്യാദ ലംഘിച്ചെന്നും ഫ്രാൻസ്

പാരിസ്: ഫ്രാൻസിലെ വർധിച്ചു വരുന്ന ജൂത വിരോധത്തിന് എതിരേ സർക്കാർ മതിയായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുഎസ് അംബാസഡർ ചാൾസ് കഷ്നർ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന് അയച്ച കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു തർക്കത്തിനു തിരി കൊളുത്തി. കത്തിലെ ഉള്ളടക്കം ‘അസ്വീകാര്യം’ എന്നു വിശേഷിപ്പിച്ച ഫ്രാൻസ്, യുഎസ് അംബാസഡറെ വിളിച്ചു വരുത്തുകയായിരുന്നു.

ജൂത വിരോധം തടയുന്നതിൽ ഫ്രഞ്ച് സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചു കൊണ്ടുള്ള അംബാസഡറുടെ കത്ത് ‘ ദി വാൾ സ്ട്രീറ്റ് ജേർണലി’ ലാണ് പ്രസിദ്ധീകരിച്ചത്. ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഫ്രാൻസിൽ ജൂത വിരോധം വർധിച്ചതായും ജൂതന്മാരെ തെരുവുകളിൽ ആക്രമിക്കുകയും അവരുടെ വ്യാപാര സ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ കഷ്നർ ചൂണ്ടിക്കാട്ടി.

ജൂത സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്‍റെ നീക്കം ജൂത വിരോധം വളർത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പൂർണമായി തള്ളിക്കളഞ്ഞു. ജൂതവിരോധം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സ്വതന്ത്ര രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധങ്ങളുടെ ചട്ടക്കൂട് നിർവചിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് 1961 ലെ വിയന്ന നയതന്ത്ര ബന്ധങ്ങൾ. ഇതു പ്രകാരം മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനുവദനീയമല്ല. യുഎസ് ഇവിടെ നയതന്ത്ര ലംഘനം നടത്തിയിരിക്കുകയാണ് എന്ന് ഫ്രാൻസ് കുറ്റപ്പെടുത്തി.യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകനായ ജാറദ് കഷ്നറുടെ പിതാവാണ് ചാൾസ് കഷ്നർ.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു