ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍
ഇസ്‌ലാമാബാദ്: ഇറാനിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനായി കര മാര്‍ഗമുള്ള ആറ് ഗതാഗത പാതകള്‍ പാക്കിസ്ഥാന്‍ തുറന്നു. ഇതു സംബന്ധിച്ച ഉത്തരവ് (ട്രാന്‍സിറ്റ് ഓഫ് ഗുഡ്‌സ് ത്രൂ ടെറിട്ടറി ഒഫ് പാക്കിസ്ഥാന്‍ 2026) ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായി പാക്കിസ്ഥാന്‍റെ വാണിജ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ പാക്കിസ്ഥാന്‍ വഴി റോഡ് മാര്‍ഗം ഇറാനിലേക്ക് എത്തിക്കാന്‍ ഈ ഉത്തരവ് അനുവദിക്കുന്നു.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 13 മുതല്‍ യുഎസ് ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇറാന്‍റെ ചരക്കുനീക്കം താറുമാറായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്‍ കരമാര്‍ഗം ആറ് പാത തുറന്നത്. ഇതിലൂടെ യുഎസിന്‍റെ നാവിക ഉപരോധത്തെ മറികടക്കാനാകുമെന്നും കരുതുന്നുണ്ട്. യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കൂടിയാണ് പാക്കിസ്ഥാന്‍.
ആറ് പാതകള്‍
ഗദ്വാര്‍ മുതല്‍ ഗബ്ദ് വരെ: ഏറ്റവും ചെറിയ റൂട്ട്, യാത്രാ സമയം 87 ശതമാനം വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
കറാച്ചി/പോര്‍ട്ട് ഖാസിം - ലിയാരി - ഒര്‍മാര - പസ്‌നി - ഗബ്ദ്
കറാച്ചി/പോര്‍ട്ട് ഖാസിം - ഖുസ്ദാര്‍ - ദല്‍ബന്ദിന്‍ - തഫ്താന്‍
ഗദ്വാര്‍ - ടര്‍ബത്ത് - പഞ്ച്ഗുര്‍ - ക്വറ്റ - തഫ്താന്‍
ഗദ്വാര്‍ - ലിയാരി - ഖുസ്ദാര്‍ - ക്വറ്റ - തഫ്താന്‍
കറാച്ചി/തുറമുഖ കാസിം - ഗദ്വാര്‍ - ഗബ്ദ്.
ഗള്‍ഫിലെ സംഘര്‍ഷങ്ങളും നിയന്ത്രണങ്ങളും കാരണം ഇറാനിലേക്കുള്ള 3,000-ത്തിലധികം കണ്ടെയ്നറുകള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളില്‍ പ്രത്യേകിച്ച് കറാച്ചിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ കണ്ടെയ്‌നറുകള്‍ ഇനി കരമാര്‍ഗം വഴി തിരിച്ചുവിടും. കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സൈനിക മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ഇറാനിലേക്ക് കരമാര്‍ഗം ആറ് പാത തുറന്നത്.