വാഷിങ്ടണിൽ തനിക്ക് ഒരു സ്വാധീനവുമില്ലെന്ന് തുറന്നു സമ്മതിച്ച് നെതന്യാഹു

 
World

യുഎസ്-ഇറാൻ സമാധാന കരാർ നീക്കം, ഇസ്രയേലിന് ആശങ്ക

വാഷിങ്ടണിൽ തനിക്ക് ഒരു സ്വാധീനവുമില്ലെന്ന് തുറന്നു സമ്മതിച്ച് നെതന്യാഹു

Reena Varghese

ടെൽ അവീവ്: യുഎസ്-ഇറാൻ സമാധാന കരാർ രൂപകൽപനയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് സുരക്ഷാ ക്യാബിനറ്റ് യോഗം വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസിന്‍റെ ഈ നീക്കത്തെ "തികച്ചും മോശം ആശയം' എന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥർ സ്വകാര്യ ചർച്ചകളിൽ വിലയിരുത്തുന്നതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു സുരക്ഷാ ക്യാബിനറ്റ് യോഗം.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് നെതന്യാഹു ഒഴിവാക്കുന്നുണ്ട്. എന്നാൽ വാഷിങ്ടണിന്‍റെ തീരുമാനങ്ങളിലും ഇറാനുമായുള്ള ചർച്ചകളിലും തനിക്ക് പരിമിതമായ സ്വാധീനമേ ഉള്ളു എന്ന് അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളിൽ സമ്മതിച്ചതായി രണ്ട് ഇസ്രയേൽ വൃത്തങ്ങൾ സിഎൻഎന്നിനോട് വെളിപ്പെടുത്തി.

നിലവിലെ കരാർ രൂപരേഖ പ്രകാരം ഇറാന്‍റെ ആണവ പദ്ധതിയെയും അവരുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെയും കുറിച്ചുള്ള ഇസ്രയേലിന്‍റെ പ്രധാന ആശങ്കകൾക്ക് യാതൊരു വ്യക്തമായ പരിഹാരവും കാണുന്നില്ലെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

അതേസമയം ലെബനനിലെ വെടിനിർത്തൽ ശക്തമാക്കാൻ ഇറാൻ സമ്മർദ്ദം ചെലുത്തുന്നതിനിടയിലും ഇസ്രയേൽ സൈന്യത്തിനും വടക്കൻ അതിർത്തി ഗ്രാമങ്ങൾക്കും നേരെയുള്ള ഹിസ്ബുള്ളയുടെ ഡ്രോൺ, യുഎവി ആക്രമണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത് നെതന്യാഹുവിനെ ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദത്തിൽ ആക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ തിങ്കളാഴ്ച നെതന്യാഹു വീഡിയോ സന്ദേശവും പുറത്തിറക്കി. ഹിസ്ബുള്ളയുടെ ശക്തമായ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി ലെബനനിൽ ഇസ്രയേൽ സൈനിക നടപടി കൂടുതൽ കടുപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

തിരിച്ചടികളുടെ ആഘാതവും തീവ്രതയും കൂടുതൽ വർധിപ്പിക്കണം. അവരെ നിർണായകമായി തകർക്കും എന്ന് നെതന്യാഹു തന്‍റെ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അമെരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും അതിർത്തിയിൽ സൈനിക നിലപാട് ദുർബലപ്പെടുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇസ്രേയൽ നൽകുന്നതെന്നാണ് വിലയിരുത്തൽ.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും