ചാർലി കിർക്ക് വധം ആഘോഷിച്ചവരെ നാടു കടത്തും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി
getty images
ന്യൂയോർക്ക്: അമെരിക്കൻ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്‍റെ മരണം ആഘോഷിച്ച വിദേശികളെ നാടു കടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
ഇത്തരത്തിലുള്ള വിദേശികളുടെ വിസ റദ്ദാക്കാൻ നടപടി തുടങ്ങിയതായി അദ്ദേഹം ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. തങ്ങളുടെ പൗരന്മാർ കൊല്ലപ്പെടുമ്പോൾ അതാഘോഷിക്കുന്ന വിദേശികളെ അമെരിക്ക വച്ചു പൊറുപ്പിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി.
ഈ സംഭവവുമായി ബന്ധപ്പെട്ട് അമെരിക്കയിൽ ഉടനീളം മുപ്പതിലധികം പേർക്ക് ജോലി നഷ്ടപ്പെടുകയോ അന്വേഷണം നേരിടുകയോ ചെയ്തതായാണ് റിപ്പോർട്ടുകൾ.
കിർക്ക് വധത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ അനുചിതമായ പോസ്റ്റുകൾ പങ്കു വച്ച ഡെൽറ്റ എയർലൈൻസ്, അമെരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നീ പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ കമ്പനിയുടെ മൂല്യങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമാണെന്ന് ഡെൽറ്റ എയർലൈൻസ് സിഇഒ എഡ് ബാസ്റ്റ്യൻ അറിയിച്ചു.
അക്രമം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പങ്കു വച്ച ജീവനക്കാരെ ഉടൻ പിരിച്ചു വിട്ടതായി അമെരിക്കൻ എയർലൈൻസ് തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.