ഇന്ത്യ-യുഎസ് താരിഫ് യുദ്ധം സ്വയം വെടിവയ്ക്കൽ: റിച്ചാർഡ് വുൾഫ്
file photo
ഇന്ത്യൻ ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ ചുമത്തിയ ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ പ്രശസ്ത അമെരിക്കൻ സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വുൾഫ്. ഇന്ത്യയ്ക്കെതിരെ ലോകത്തിലെ കർക്കശക്കാരൻ ആയിട്ടാണ് ട്രംപ് പെരുമാറുന്നത്, അതാകട്ടെ അമെരിക്ക സ്വയം വെടി വയ്ക്കുന്നതിനു തുല്യമാണ്. കാരണം ട്രംപിന്‍റെ ഈ നയം പാശ്ചാത്യ രാജ്യങ്ങൾക്ക് സാമ്പത്തിക ബദലാകാൻ ബ്രിക്സിനെ പ്രേരിപ്പിക്കുന്നു. അത് അമെരിക്കയെ തകർച്ചയിലേയ്ക്കു കൂപ്പു കുത്തിക്കും.
ചൊവ്വാഴ്ച റഷ്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലാണ് റിച്ചാർഡ് വുൾഫ് ഈ ശക്തമായ വിമർശനം ഉന്നയിച്ചത്. ട്രംപിന്‍റെ താരിഫ് നീക്കം ഹോട്ട് ഹൗസ് രീതിയിൽ ബ്രിക്സ് രാജ്യങ്ങളെ പാശ്ചാത്യർക്ക് എക്കാലത്തെയും വലുതും കൂടുതൽ സംയോജിതവും വിജയകരവുമായ സാമ്പത്തിക ബദലായി വികസിപ്പിക്കുമെന്നും വുൾഫ് പറഞ്ഞു.
വാഷിങ്ടണിന്‍റെ താരിഫ് പ്രഖ്യാപനം ഒരു വഴിത്തിരിവ് ആണെന്ന് പത്രപ്രവർത്തകനായ റിക്ക് സാഞ്ചസ് അഭിപ്രായപ്പെട്ടു.
"ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായത്തിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. മുമ്പ് ആ സ്ഥാനം ചൈനയ്ക്കായിരുന്നു. സോവിയറ്റ് യൂണിയന്‍റെ കാലം മുതൽക്കേ റഷ്യയുമായി ദീർഘകാല ചരിത്രപരമായ ബന്ധമുള്ള രാജ്യം കൂടിയായ ഇന്ത്യയ്ക്കെതിരെ അമെരിക്കയോ മിസ്റ്റർ ട്രംപോ ഭീഷണികൾ തുടരുകയാണെങ്കിൽ അവർ തികച്ചും വ്യത്യസ്തമായ ഒരു എതിരാളിയുമായി കളിക്കുകയാണ്' വുൾഫ് പറഞ്ഞു.
ഇന്ത്യയിൽ 50 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം ബ്രിക്സ് പോലുള്ള ബ്ലോക്കുകളെ ശാക്തീകരിക്കുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധൻ പറഞ്ഞു. കാരണം ഇന്ത്യ അവരുടെ കയറ്റുമതി അവിടെ വിൽക്കാൻ സാധ്യതയുണ്ട്.
"അമെരിക്ക ഇന്ത്യയിലേയ്ക്കുള്ള വലിയ തീരുവകൾ ഏർപ്പെടുത്തിയാൽ ഇന്ത്യ കയറ്റുമതി വിൽക്കാൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തേണ്ടി വരും. റഷ്യ ഊർജ്ജം വിൽക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തിയതു പോലെ ഇന്ത്യ ഇനി അമെരിക്കയ്ക്ക് കയറ്റുമതി വിൽക്കില്ല. മറിച്ച് ബ്രിക്സ് രാജ്യങ്ങളിലേയ്ക്കാണ് കയറ്റുമതി വിൽക്കാൻ പോകുന്നത്. ഇത് ഒരു ചരിത്ര നിമിഷമാണ്. എന്നാൽ ഇതിലെ തമാശ എന്തെന്നാൽ ലോകത്തിലെ കർക്കശക്കാരനായ വ്യക്തിയെപ്പോലെ പെരുമാറുന്ന അമെരിക്ക സ്വയം വെടി വയ്ക്കുന്നതു പോലെ ലോകത്തിനു തോന്നിപ്പിക്കുന്ന കാഴ്ചയാണ്.' വുൾഫ് പറഞ്ഞു.