"ദിവസം മുഴുവൻ അടിച്ചുകേറ്റുന്നത് വിഷം, ട്രംപ് എങ്ങനെയാണ് ജീവിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല"
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭക്ഷണശീലത്തേക്കുറിച്ച് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യാത്ര ചെയ്യുന്ന സമയത്ത് ട്രംപ് ഹെൽത്തി ഫുഡ് കഴിക്കാറില്ലെന്നും ഫാസ്റ്റ് ഫുഡാണ് പ്രിയം എന്നുമാണ് റോബർട്ട് പറഞ്ഞത്. ട്രംപ് എങ്ങനെയാണ് ജീവനോടെയിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും കേറ്റി മില്ലറുമായുള്ള പോഡ്കാസ്റ്റ് ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ വച്ച് ട്രംപ് ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കാറുള്ളത്. എന്നാൽ യാത്ര ചെയ്യുന്ന സമയത്ത് ഫാസ്റ്റ് ഫുഡാണ് കഴിക്കാറുള്ളത്. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുന്നവർ വിചാരിക്കും ദിവസം മുഴുവൻ അദ്ദേഹം വിഷം കുത്തിക്കയറ്റുകയാണല്ലോ എന്ന്. യാത്ര ചെയ്യുന്ന സമയത്ത് അദ്ദേഹം തനിക്ക് വിശ്വാസമുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കാറുള്ളൂ. മാക്ഡൊണാൾഡ്സ് പോലെയുള്ള വമ്പൻ കമ്പനികൾ.- റോബർട്ട് എഫ് കെന്നഡി ജൂനിയർ പറഞ്ഞു.
കൃത്യമായ ഭക്ഷണക്രമം പാലിക്കാഞ്ഞിട്ടും, ട്രംപിന്‍റെ പ്രതിരോധശേഷി അത്ഭുതപ്പെടുത്തുന്നതാണെന്ന് കെന്നഡി പറഞ്ഞു. "അദ്ദേഹത്തിന് ഒരു മികച്ച ശരീരഘടനയാണ്. അദ്ദേഹം എങ്ങനെയാണ് ജീവനോടെയിരിക്കുന്നത് എന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം ജീവനോടെയുണ്ട്.- കെന്നഡി പറഞ്ഞു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഊർജ്ജസ്വലനായ മനുഷ്യനാണ് ട്രംപ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.