യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും
FILE PHOTO
വാഷിങ്ടൺ: ഡൽഹിയിൽ നടന്നത് ഭീകരാക്രമണം എന്നും സംഭവത്തിൽ ശക്തമായി അപലപിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ക്യാനഡയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റൂബിയോയുടെ പ്രതികരണം. ഡൽഹി സ്ഫോടനത്തെ ഭീകരാക്രമണമെന്നു വ്യക്തമാക്കിയ റൂബിയോ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുമെന്നും സുരക്ഷാ കാര്യങ്ങളിലും രഹസ്യാന്വേഷണ രംഗത്തും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
സ്ഫോടനത്തെ തുടർന്നുള്ള അന്വേഷണങ്ങളും സുരക്ഷാ കാര്യങ്ങളും ജയശങ്കറും റൂബിയോയും ചർച്ച ചെയ്തു. ഇന്ത്യയുടെ അന്വേഷണം ഇക്കാര്യത്തിൽ വളരെ മികച്ചതാണ്. ഇന്ത്യയെ പ്രശംസിച്ച റൂബിയോ അമെരിക്കയുടെ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇന്ത്യ നടത്തുന്ന അന്വേഷണത്തെ താൻ സമഗ്രമായി നിരീക്ഷിച്ചതായും അവരുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നതായും കൂട്ടിച്ചേർത്തു. അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മികച്ച രീതിയിലാണ് അന്വേഷണം നടത്തുന്നത്. അവർക്ക് അന്വേഷണത്തിൽ അമെരിക്കയുടെ സഹായം ആവശ്യമില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.