ട്രംപിന് റഷ്യയുടെ മുന്നറിയിപ്പ്
ഇറാൻ-യുഎസ് സംഘർഷം കൂടുതൽ കലുഷിതമാക്കാൻ സൂയിസൈഡ് ഡ്രോണുകളുമായി അമെരിക്ക. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ കടന്നാക്രമിച്ച് ഇറാൻ. ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ഇറാൻ കടന്നാക്രമിച്ചത്.
മൊജ്തബ ഖമനേയിക്കു നേരെ എന്തെങ്കിലും തരത്തിലുള്ള വധശ്രമം ഉണ്ടായാൽ തിരിച്ചടിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കാൻ ഇറാന്‍റെ ദേശീയ സുരക്ഷാ കൗൺസിലിന് നിർദേശം നൽകിയിരിക്കുകയാണ് ഭരണകൂടം. ഹോർമൂസ് കടലിടുക്കിൽ നിന്ന് അമെരിക്ക പിന്മാറാതെ ഗതാഗതം പൂർണമായി തുറന്നു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ സൈന്യം.
ഇതിനിടെ ബുഷഹർ ഉൾപ്പടെയുള്ള ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് റഷ്യ അമെരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ആണവ നിലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ ഹോർമൂസ് കടലിടുക്കു വഴി ഗതാഗതം പുന:സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി വരെ പോലും ക്ഷമ കാണിക്കാൻ അമെരിക്ക തയാറായില്ലെന്നു കുറ്റപ്പെടുത്തി. കുവൈറ്റിലെ അമെരിക്കൻ മിസൈൽ താവളം പൂർണമായി തകർത്തതായും ഒമാനുമായി ചേർന്ന് ഹോർമൂസ് നിയന്ത്രിക്കാനുള്ള യുഎസ് നീക്കം തടഞ്ഞതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.
ചെലവു കുറഞ്ഞ സൂയിസൈഡ് ഡ്രോണുകൾ ഉപയോഗിച്ച് ഖേഷം, ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലെ റഡാറുകളും ആയുധ സംഭരണ ശാലകളും അമെരിക്കൻ സേന തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇതിനു മറുപടിയായി ജോർദാനിലെയും ബഹ്റൈനിലെയും അമെരിക്കൻ കമാൻഡ് സെന്‍ററുകളും ഹെലികോപ്റ്റർ താവളങ്ങളും ഇറാൻ ആക്രമിച്ചു. ആക്രമണത്തിൽ മൂന്ന് അമെരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന വാർത്തകൾ അമെരിക്ക തള്ളിക്കളഞ്ഞെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പോർവിളികൾ പശ്ചിമേഷ്യയെ ഗുരുതരമായ യുദ്ധ ഭീതിയിലേയ്ക്ക് തള്ളിയിട്ടിരിക്കുകയാണ്.