സുനിത- മൈക്കൽ ജെ. വില്യംസ് കുടുംബ ചിത്രം
സുനിതാ പാണ്ഡ്യയെ സുനിതാ വില്യംസാക്കിയ മൈക്കൽ ജെ. വില്യംസിനെ ആരുമറിയില്ല. നിയമ നിർവഹണത്തിലും ജുഡീഷ്യൽ സംരക്ഷണത്തിലും ഒരു യുഎസ് മാർഷൽ ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ സുനിതയുടെ ഭർത്താവ് മൈക്കൽ വില്യംസ്.
ഹെലികോപ്റ്റർ പൈലറ്റായിരുന്നു മൈക്കൽ വില്യംസ്. അതു കൊണ്ടു തന്നെ സുനിതയുടെ ബഹിരാകാശ ജീവിതം വളരെ വേഗം മനസിലാക്കാനായി. സുനിത നേരിടാവുന്ന ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ വിവേകത്തോടെ, സ്നേഹത്തോടെ, വിശ്വസ്തയോടെ തരണം ചെയ്യാൻ മൈക്കലിനെ പ്രേരിപ്പിച്ചതും ഈ അനുഭവപരിചയമാണ്.
1987ൽ മേരിലാൻഡിലെ അനാപോളീസിലെ നേവൽ അക്കാദമിയിൽ വച്ചാണ് സുനിതയും മൈക്കൽ വില്യംസും കണ്ടു മുട്ടിയത്. ആ നേവൽ അക്കാദമിയിലെ വിദ്യാർഥികളായിരുന്നു ഇരുവരും.
ഹെലികോപ്റ്റർ പൈലറ്റാകാൻ പരിശീലനം നേടിയ അവർ ഇരുവരും നേവൽ വൈമാനികരായിത്തീർന്നു. ആകാശപ്പറക്കലുകളോടുള്ള ഈ അഭിനിവേശം സുനിയെയും വില്യംസിനെയും പ്രണയത്തിലേയ്ക്കു നയിച്ചു. ഏതാനും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ അവർ വിവാഹിതരായി.
അന്നുമുതലിന്നോളം അനുപമമായ വൈവാഹിക ജീവിതമാണ് അവർ നയിക്കുന്നത്. സുനിതയുടെ ഭർത്താവ് മൈക്കൽ ജെ. വില്യംസ് ഇപ്പോൾ ഹിന്ദുമതാനുയായി ആണ്.
ഇന്ത്യയിൽ ഒരു സ്വകാര്യ ചടങ്ങിൽ സുനിതയും ഭർത്താവും
തങ്ങളുടെ ആത്മീയ യാത്രകൾക്ക് അവർ പരസ്പരം പ്രോത്സാഹനം നൽകുന്നു. തികഞ്ഞ മൃഗസ്നേഹികളാണ് ഇരുവരും. കുട്ടികൾ ഇല്ലാത്ത ഈ ദമ്പതികൾക്ക് അവരുടെ കുഞ്ഞുങ്ങൾ വളർത്തു മൃഗങ്ങളാണ്.
അടുത്തിടെ തന്‍റെ പിതാവിന്‍റെ ജന്മഭൂമിയായ ഗുജറാത്തിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായി സുനിത വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്‍റെ കുടുംബവുമായി ഈ കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.