ജിസിന ധ്ലാധ്ല
റോസ്ബാങ്ക്: സിക്ക് ലീവ് അപേക്ഷ നിരന്തരമായി തള്ളിയതിനു പിന്നാലെ യുവതിയെ ഓഫിസ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ റോസ് ബാങ്കിലുള്ള കോൾ സെന്‍ററിൽ ജോലി ചെയ്തിരുന്ന ജിസിന ധ്ലാധ്ലയെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസിന പല തവണ അസുഖമാണെന്ന് അറിയിച്ചു കൊണ്ട് അവധിക്കായി അപേക്ഷ നൽകിയെങ്കിലും മേലുദ്യോഗസ്ഥർ അവധി നൽകാൻ തയാറായിരുന്നില്ലെന്ന് സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആരോപിക്കുന്നു.
മാത്രമല്ല ശുചിമുറിയിൽ ബോധം കെട്ട നിലയിൽ കണ്ടെത്തിയ ജിസിനയെ ആശുപത്രിയിലെത്തിക്കാൻ മേലുദ്യോഗസ്ഥർ തയാറായിരുന്നില്ലെന്നും ആശുപത്രി ചെലവ് ആരു നൽകുമെന്നതിൽ അവർ ചർച്ച ചെയ്തുവെന്നുമാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ജിസിന വളരെ ക്ഷീണിതയായിരുന്നുവെന്നും വെള്ളിയാഴ്ച അവൾ കരയുന്നതു കണ്ടുവെന്നും സഹപ്രവർത്തകർ പറയുന്നു. എനിക്ക് തീരെ വയ്യ, എന്നിട്ടും എനിക്ക് ശനിയാഴ്ച അവധി തരില്ലെന്നാണ് ഇവർ പറയുന്നതെന്ന് ജിസിന പറഞ്ഞതായും സഹപ്രവർത്തകർ ആരോപിക്കുന്നു.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ടീം ലീഡർ ജിസിനയെ കാബിനിലേക്ക് വിളിപ്പിച്ചു. അവർ എന്താണ് സംസാരിച്ചതെന്ന് അറിയില്ല, എന്നാൽ അവർ കരയുന്നതു കണ്ടുവെന്നും സഹപ്രവർത്തകർ പറയുന്നു. മരണത്തെ ആർക്കും തടയാനാകില്ല. എന്നാൽ ലീവ് നൽകിയിരുന്നെങ്കിൽ ജിസിനയുടെ വീട്ടുകാർ അവളെ സമയത്ത് ആശുപത്രിയിൽ എത്തിച്ചേനെ, എന്തു തന്നെയായാലും ശുചിമുറിയിൽ ഇരുന്നു മരിക്കേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു.