ദുബായ് : അൽ ഷിന്ദഗ ഇടനാഴി നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ രണ്ടാമത്തെ പാലം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ മിന സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ് എന്നിവയുടെ ജംഗ്‌ഷനിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും, ഷെയ്ഖ് റാഷിദ് റോഡിന്റെയും ജംഗ്‌ഷനിലേക്കുള്ള ഗതാഗതം സുഗമമാക്കാനായി പുതുതായി നിർമിച്ചതാണീ പാലം. 605 മീറ്റർ നീളമുള്ള പാലത്തിലൂടെ രണ്ട് വരികളിലായി മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. അൽ ഷിന്ദഗ ഇടനാഴി നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിൽ ആകെ 3.1 കിലോമീറ്റർ നീളവും എല്ലാ പാതകളിലുമായി മണിക്കൂറിൽ ഏകദേശം 19,400 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പദ്ധതിയിലെ ആദ്യ പാലം 2024 ഡിസംബറിലാണ് തുറന്നത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്-ഷെയ്ഖ് റാഷിദ് റോഡ് ഇന്റർസെക്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്കും ഫാൽകൺ ഇന്റർസെക്ഷനിലേക്കും ഗതാഗതം സുഗമമാക്കുന്ന ഈ പാലം 1,335 മീറ്ററിലുള്ളതാണ്. മൂന്ന് വരികളിലായി മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുണ്ട്.
പുതിയ പാലം അൽ മിന സ്ട്രീറ്റിന്റെയും ഷെയ്ഖ് റാഷിദ് റോഡിന്റെയും ഇന്റർസെക്ഷനിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ഷെയ്ഖ് റാഷിദ് റോഡിന്റെയും ഇന്റർസെക്ഷനിലേക്കുള്ള വാഹന പ്രവാഹത്തെ സുഗമമാക്കുന്നു.
2025 രണ്ടാം പാദത്തിൽ മറ്റൊരു പാലം കൂടി ഉടൻ പൂർത്തിയാവും. അൽ മിന സ്ട്രീറ്റിൽ നിന്ന്ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ഷെയ്ഖ് റാഷിദ് റോഡിന്റെയും ഇന്റർസെക്ഷനിലേക്കുള്ള ഗതാഗതത്തെ ഇത് സുഗമമാക്കും. മൂന്ന് വരിയുള്ള ഈ പാലം 1,210 മീറ്റർ നീളമുള്ളതും മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതുമാണ്.
കൂടാതെ, അൽ മിന സ്ട്രീറ്റിൽ നിന്ന് അൽ വസൽ റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ഈ വർഷം രണ്ടാം പാദത്തിൽ മൂന്നു വരിയുള്ള മൂന്നാമത്തെ പാലം പൂർത്തിയാക്കുന്നതാണ്. 780 മീറ്റർ നീളമുള്ള പാലത്തിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും.
ഈ വർഷം മൂന്നാം പാദത്തിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പാലത്തിന്റെ നിർമാണവും നാലാം ഘട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്കും, ഫാൽകൺ ഇന്റർസെക്ഷനിലേക്കും ഗതാഗതം സുഗമമാക്കുന്ന രണ്ട് വരിപ്പാലത്തിന് 985 മീറ്റർ നീളമുണ്ടാകും. മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാനുമാകും.
4.8 കിലോമീറ്ററിൽ റോഡുകളുടെ വികസനവും, ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഉപരി തല ഇന്റർസെക്ഷനുകളിലെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, ഷെയ്ഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും 2 കാൽനട പാലങ്ങളുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു. തെരുവ് വിളക്കുകൾ, ഗതാഗത സംവിധാനങ്ങൾ, മഴവെള്ള-ഡ്രെയിനേജ് ശൃംഖലകൾ, ജലസേചന സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ ആർ.ടി.എ ഏറ്റെടുക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ സംരംഭങ്ങളിലൊന്നായ അൽ ഷിന്ദഗ ഇടനാഴി നവീകരണ പദ്ധതി 13 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
15 ഇന്‍റർസെക്ഷനുകളുടെ വികസനവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ദുബൈ ഐലൻഡ്‌സ്, ദേര വാട്ടർ ഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ പ്രധാന വികസനങ്ങൾക്ക് പുറമേ, ദേര, ബർദുബൈ എന്നിവയ്ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
അൽ ഷിന്ദഗ ഇടനാഴിയിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കുക, റോഡ് ശേഷിയും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുക, യാത്രാ സമയം 104 മിനിറ്റിൽ നിന്ന് 16 മിനിറ്റായി കുറയ്ക്കുക എന്നിവ വഴി പത്ത് ലക്ഷം നിവാസികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 45 ബില്യൺ ദിർഹമായി കണക്കാക്കിയിരിക്കുന്ന അടുത്ത 20 വർഷത്തെ യാത്രാ ചെലവ് കുറക്കാൻ സാധിക്കുമെന്നും ആർ ടി എ പ്രതീക്ഷ പ്രകടിപ്പിച്ചു.